അവയവം മാറ്റിവെക്കൽ പദ്ധതി വിപുലീകരിക്കാൻ കുവൈത്ത്
text_fieldsനാലാമത് ജി.സി.സി ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ ആൻഡ് നെഫ്രോളജി കോൺഗ്രസിൽ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അവയവം മാറ്റിവെക്കൽ പദ്ധതികൾ വിപുലീകരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. കരൾ, ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവെക്കൽ ഉൾപ്പെടെ പുതിയ അവയവമാറ്റ പദ്ധതികൾ ആരംഭിക്കുന്നതിന്റെ വക്കിലാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു.
നാലാമത് ജി.സി.സി ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ ആൻഡ് നെഫ്രോളജി കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൂലകോശം മാറ്റിവെക്കൽ പദ്ധതിയുടെ വിജയം കൂടുതൽ മേഖലകളിലേക്ക് കടക്കാൻ ആത്മവിശ്വാസം നൽകുന്നു. ശ്വാസകോശം മാറ്റിവെക്കൽ പദ്ധതി വൈകാതെയുണ്ടാകും. 2024ൽ 149 പേർക്ക് വൃക്ക മാറ്റിവെച്ചു.
96 ശതമാനമായിരുന്നു വിജയനിരക്ക്. സബാഹ് ഹെൽത്ത് സോണിൽ വൃക്ക രോഗ ചികിത്സക്കും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുമായി 80 കിടക്കകളും അത്യാധുനിക സാങ്കേതിക വിദ്യകളുമുള്ള കിഡ്നി ഡിസീസസ് ആൻഡ് ട്രാൻസ്പ്ലാന്റ്സ് തുറക്കാൻ കഴിഞ്ഞത് നാഴികക്കല്ലാണ്.
വൃക്ക രോഗങ്ങളുടെ വ്യാപനം ആശങ്കാജനകമാണ്. 2040ഓടെ മരണത്തിന്റെ അഞ്ചാമത്തെ പ്രധാന കാരണമായി വൃക്ക രോഗങ്ങൾ മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പല രോഗികളും അവരുടെ അവസ്ഥയെക്കുറിച്ച് അജ്ഞരാണ്. വികസ്വര രാജ്യങ്ങളിൽ ഉയർന്ന ചികിത്സ ചെലവും ഡയാലിസിസ് മെഷീനുകളുടെ കുറവും വെല്ലുവിളിയാണ്.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

