ഫലസ്തീന് സഹായവുമായി മൂന്നാം വിമാനം അയച്ച് കുവൈത്ത്
text_fieldsകുവൈത്തിൽ നിന്നുള്ള സഹായവസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിന്റെ ദുരിതം പേറുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങളുമായി കുവൈത്ത് മൂന്നാമത്തെ വിമാനം അയച്ചു. ബുധനാഴ്ച പുറപ്പെട്ട വിമാനത്തിൽ 40 ടൺ സാമഗ്രികൾ ഉൾക്കൊള്ളുന്നു. ഫലസ്തീനികൾക്കുള്ള അടിയന്തര മാനുഷിക സഹായവുമായി കുവൈത്തിന്റെ ആദ്യ വിമാനം തിങ്കളാഴ്ച പുറപ്പെട്ടിരുന്നു. മെഡിക്കൽ സപ്ലൈകളും ആംബുലൻസുകളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ 40 ടൺ വസ്തുക്കളുമായാണ് തിങ്കളാഴ്ച ആദ്യ വിമാനം പുറപ്പെട്ടത്.
ചൊവ്വാഴ്ച 10 ടൺ വസ്തുക്കളുമായി രണ്ടാമത്തെ ദുരിതാശ്വാസ വിമാനം അയച്ചു. ഇതോടെ മൂന്ന് ദിവസങ്ങളിലായി 90 ടൺ വസ്തുക്കൾ കുവൈത്ത് ഗസ്സയിലേക്കയച്ചു. ഈജിപ്തിൽ വിമാനം വഴി എത്തിക്കുന്ന വസ്തുക്കൾ റഫ അതിർത്തിവഴി ഗസ്സയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. ഉച്ചയോടെ വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. കുവൈത്ത് നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായ വിതരണം ഏകോപിപ്പിക്കുന്നത്. ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ), അൽ സലാം ഇസ്ലാമിക് ചാരിറ്റബ്ൾ സൊസൈറ്റി, കെ.ആർ.സി.എസ്, കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് എന്നിവ സഹകരണത്തിൽ മുന്നിലുണ്ട്. ഈജിപ്ഷ്യൻ, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികൾ തമ്മിലെ ഏകോപനത്തിലാണ് സഹായ വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

