ഗസ്സക്ക് കുവൈത്ത് 40 ടൺ ഭക്ഷ്യസഹായം കൂടി അയച്ചു
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീനികളെ സഹായിക്കുന്നതിനായി കുവൈത്തിന്റെ ഒമ്പതാമത് ദുരിതാശ്വാസ വിമാനം. 40 ടൺ ഭക്ഷ്യസഹായവുമായി വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമായ ഗസ്സയിലേക്ക് രണ്ടാമത്തെ എയർബ്രിഡജിന്റെ ഭാഗമായി കുവൈത്ത് അയക്കുന്ന ഒമ്പതാമത്തെ ദുരിതാശ്വാസ സഹായമാണിത്.
നേരത്തെ ഈജിപ്തിലേക്കും ജോർഡനിലേക്കും എട്ടു വിമാനങ്ങളിലായി 110 ടൺ ഭക്ഷ്യവസ്തുക്കൾ കുവൈത്ത് അയച്ചിരുന്നു. ഇതോടെ കുവൈത്ത് അയക്കുന്ന മൊത്തം സഹായം 150 ടണിലെത്തി.
സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് (കെ.ആർ.സി.എസ്) സഹായ കൈമാറ്റം ഏകോപിക്കുന്നത്.
ഗസ്സയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സഹായങ്ങൾ അയക്കുന്നത് തുടരുമെന്ന് കെ.ആർ.സി.എസ് ബോർഡ് അംഗം ഡോ. ലത്തീഫ അൽ മീർ പറഞ്ഞു. ഗസ്സയിലെ നിലവിലെ സാഹചര്യത്തിൽ മാനുഷിക സംഘടനകളുടെ സഹായം തീവ്രമാക്കേണ്ടതുണ്ടെന്നും സൂചിപ്പിച്ചു.
അൽ സലാം ഹ്യുമാനിറ്റേറിയൻ സൊസൈറ്റി സഹായത്തോടെ അയച്ച വിമാനത്തിൽ ഗസ്സയിലെ ദുരിതബാധിത കുടുംബങ്ങളുടെ അടിസ്ഥാന പോഷകാഹാര ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഭക്ഷ്യവസ്തുക്കൾ ഉൾകൊള്ളുന്നതായും ഡോ. അൽ മീർ ചൂണ്ടിക്കാട്ടി.
ഗസ്സയിൽ സഹായം തടസ്സമില്ലാതെ എത്തുന്നത് ഉറപ്പാക്കുന്നതിന് വിദേശകാര്യ, പ്രതിരോധ, സാമൂഹിക കാര്യ മന്ത്രാലയങ്ങളുമായി തുടർച്ചയായ എകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരണവും കെ.ആർ.സി.എസ് നടത്തിവരുന്നുണ്ട്. ഈജിപ്ത്, ജോർഡൻ കുവൈത്ത് എംബസികൾ, ജോർഡനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ), ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) എന്നിവയുമായും കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

