ക്യാമ്പിങ് സീസൺ അവസാനത്തിലേക്ക്; 15ന് അവസാനിക്കും
text_fieldsസിറ്റി: രാജ്യത്ത് ക്യാമ്പിങ് സീസൺ മാർച്ച് 15 ന് അവസാനിക്കും. സമയപരിധിക്ക് മുമ്പ് ക്യാമ്പുകൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് ക്യാമ്പ് ഉടമകളോട് കുവൈത്ത് മുനിസിപ്പാലിറ്റി നിർദേശിച്ചു. മാർച്ച് 15 ന് ശേഷം മരുഭൂമിയിൽ ക്യാമ്പിങ് അനുവദിക്കില്ല. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ക്യാമ്പ് ഉടമകൾ അവരുടെ സൈറ്റുകൾ വൃത്തിയാക്കുകയും ചട്ടങ്ങൾ പാലിക്കുകയും വേണം. 100 ദീനാറിന്റെ ഇൻഷുറൻസ് നിക്ഷേപം വീണ്ടെടുക്കുന്നതിന് ഇത് നിർബന്ധമാണ്. ക്യാമ്പ് ഉടമകൾ നിക്ഷേപം വീണ്ടെടുക്കുന്നതിന് മുനിസിപ്പാലിറ്റിക്ക് അഭ്യർത്ഥന സമർപ്പിക്കണം.
സമയപരിധി പാലിക്കാത്ത ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനുള്ള ഫീൽഡ് ടീമുകളുടെ തയാറെടുപ്പുകൾ ചർച്ച ചെയ്യാൻ സ്പ്രിംഗ് ക്യാമ്പ്സ് കമ്മിറ്റി ഞായറാഴ്ച യോഗം ചേരും. അതിനിടെ, രാജ്യത്തിന്റെ തെക്കൻ മേഖലയിലെ ക്യാമ്പുകളിൽ മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ ലത്തീഫ് അൽ-മിഷാരി ഫീൽഡ് പരിശോധന നടത്തി. പര്യടനത്തിനിടെ ഒരു തെരുവ് കച്ചവടക്കാരനെതിരെ എട്ട് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഏഴ് മൊബൈൽ ഭക്ഷണ ട്രക്കുകൾ നീക്കം ചെയ്തു. അനധികൃത ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനായി 20 മുന്നറിയിപ്പു നോട്ടീസുകൾ നൽകി.
നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് കുവൈത്തിൽ ക്യാമ്പിങ് സീസൺ. ഈ സമയം നിർണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ തമ്പുകെട്ടി തണുപ്പാസ്വദിച്ച് കഴിയാം. തണുപ്പാസ്വദിച്ചു മരുഭൂമിയിൽ രാപാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. എല്ലാ വർഷവും ക്യാമ്പുകളിൽ നിരവധി പേർ എത്താറുണ്ട്. പലരും കുടുംബത്തോടെ ദിവസങ്ങൾ അവിടെ ചെലവഴിക്കുന്നു. പാചകത്തിനും ദിവസങ്ങൾ താമസിക്കാനുമുള്ള സൗകര്യങ്ങളോടെയും ആകും ക്യാമ്പിൽ എത്തുക. ചില പ്രവാസികളും കുറഞ്ഞ ദിവസം തമ്പുകളിൽ കഴിയുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

