സിറിയയിൽ രാഷ്ട്രീയ ഒത്തുതീർപ്പാണ് വേണ്ടതെന്ന് കുവൈത്ത്
text_fieldsഐക്യരാഷ്ട്ര സഭ ജനറൽ കൗൺസിലിൽ സ്ഥിരം പ്രതിനിധി സംഘത്തിന്റെ ഫസ്റ്റ് സെക്രട്ടറിയായ ഫഹദ് ഹജ്ജി കുവൈത്തിനെ പ്രതിനിധാനംചെയ്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സിറിയയിലെ പ്രതിസന്ധികൾ പരിഹരിക്കേണ്ടത് സൈനിക നടപടികളിലൂടെയല്ലെന്നും രാഷ്ട്രീയ നടപടികളിലൂടെയാണെന്നുമുള്ള നിലപാട് ആവർത്തിച്ച് കുവൈത്ത്. ഐക്യരാഷ്ട്ര സഭ ജനറൽ കൗൺസിലിലാണ് ഇപ്പോൾ സ്ഥിരം പ്രതിനിധി സംഘത്തിന്റെ ഫസ്റ്റ് സെക്രട്ടറിയായ ഫഹദ് ഹജ്ജി രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചത്. നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കിയില്ലെങ്കിൽ സിറിയയിൽ സുസ്ഥിരവും സമഗ്രവുമായ സമാധാനം കൈവരിക്കാനാകില്ലെന്ന് ഫഹദ് ഹജ്ജി ഊന്നിപ്പറഞ്ഞു.
സിറിയക്ക് സഹായം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നോർവേയും അയർലൻഡും അവതരിപ്പിച്ച കരട് പ്രമേയത്തിനെതിരെ ജനറൽ കൗൺസിലിൽ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ചു.

