കുവൈത്ത്-സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും
text_fieldsവിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായി ചർച്ച നടത്തുന്നു
കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായി ചർച്ച നടത്തി.
സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവർക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ ആശംസകൾ മന്ത്രി ശൈഖ് സലീം അറിയിച്ചു. സൗദി അറേബ്യയിലെ രാഷ്ട്രീയ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും ആശംസകൾ നേർന്നു.
പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും ചർച്ചചെയ്തു. സാമ്പത്തികം, മനുഷ്യവികസനം, രാഷ്ട്രീയം, സുരക്ഷ സംയോജനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും നിലവിലെ സ്ഥിതി ഇരുവരും വിലയിരുത്തി.
പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഏകീകൃത നിലപാടുകൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അനിവാര്യമാണെന്നും ഉണർത്തി. ഇരുരാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, വിവിധ മേഖലകളിൽ നിലനിൽക്കുന്ന അടുത്ത സഹകരണത്തിന്റെ വശങ്ങളും അവലോകനം ചെയ്തു. പങ്കാളിത്തവും സഹകരണവും കൂടുതൽ ഏകീകരണത്തോടെ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇരുവരും വ്യക്തമാക്കി.
2023 ന്റെ ആദ്യപാദത്തിൽ കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന കുവൈത്ത്-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ രണ്ടാമത്തെ യോഗം വിളിക്കാൻ ഇരുവരും തീരുമാനത്തിലെത്തി.

