കുവൈത്ത്-സൗദി സംയുക്ത നാവികാഭ്യാസം; 'ഗൾഫ് പീസ് 1' സമാപിച്ചു
text_fieldsഗൾഫ് പീസ് 1' എന്ന പേരിൽ കുവൈത്തും സൗദിയും സംയുക്തമായി നടത്തിയ നാവികാഭ്യാസത്തിൽനിന്ന്
റിയാദ്: കുവൈത്ത് നാവികസേനയും സൗദി അറേബ്യൻ റോയൽ നേവിയും സംയുക്തമായി സംഘടിപ്പിച്ച 'ഗൾഫ് പീസ് 1' നാവികാഭ്യാസം കിങ് അബ്ദുൽ അസീസ് നേവൽ ബേസിൽ വിജയകരമായി പൂർത്തിയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിനും നാവിക പ്രവർത്തനങ്ങളിൽ ഏകീകൃത തന്ത്രങ്ങൾ രൂപവത്കരിക്കുന്നതിനുമാണ് ഈ അഭ്യാസം ലക്ഷ്യമിട്ടത്. പങ്കെടുക്കുന്ന യൂനിറ്റുകളുടെ പോരാട്ടവീര്യം വർധിപ്പിക്കുന്നതിനും സംയുക്ത ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി വിവിധ ഫീൽഡ് സാഹചര്യങ്ങൾ മുൻനിർത്തിയുള്ള പരിശീലനങ്ങൾ നടത്തി. നാവിക ഓപറേഷൻ സെന്ററുകൾ വഴിയുള്ള കമാൻഡ്, കൺട്രോൾ നടപടിക്രമങ്ങൾ, തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഡ്രോൺ ബോട്ടുകൾ ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കൽ, സമുദ്രത്തിലെ എണ്ണ പ്ലാറ്റ്ഫോമുകളുടെ സംരക്ഷണം, കടൽ യുദ്ധങ്ങളുടെ മാനേജ്മെന്റ് എന്നിവയിൽ സൈനികർ പരിശീലനം നേടി. അഭ്യാസത്തിൽ പങ്കെടുത്ത കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് തത്സമയ വെടിവെപ്പ് പരിശീലനവും നടന്നു.
കുവൈത്ത് നാവികസേന സൗഹൃദ രാജ്യങ്ങളുമായി ചേർന്ന് നടത്തുന്ന പതിവ് പരിശീലന പരിപാടികളുടെ ഭാഗമാണിതെന്ന് കുവൈറ്റ് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

