ടൂറിസം സഹകരണം വർധിപ്പിക്കാൻ കുവൈത്ത്-സൗദി ധാരണ
text_fieldsകുവൈത്ത് മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയും സൗദി മന്ത്രി അഹമദ് അൽ ഖാതിബും
കുവൈത്ത് സിറ്റി: ടൂറിസം സഹകരണങ്ങൾ വർധിപ്പിക്കാൻ കുവൈത്ത്-സൗദി ധാരണ. ഇതു സംബന്ധിച്ച ധാരണപത്രത്തിൽ കുവൈത്തും സൗദിയും ഒപ്പുവെച്ചു.
കുവൈത്ത് വിവര-സാംസ്കാരിക-യുവജനകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി, സൗദി ടൂറിസം മന്ത്രി അഹമദ് അൽ ഖാതിബ് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഹോട്ടലുകൾ, വിനോദസൗകര്യങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ, എക്സിബിഷനുകൾ തുടങ്ങി ടൂറിസം മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇരുവരും വ്യക്തമാക്കി.
വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സ്ഥാപനം, ടൂറിസ്റ്റ് സൈറ്റുകൾ വികസിപ്പിക്കൽ, മറ്റു വിവിധ തലങ്ങളിൽ അനുമതികൾ എന്നിവയിലും ഇരുപക്ഷവും സഹകരിക്കും. പ്രസിദ്ധീകരണങ്ങൾ, സിനിമകൾ എന്നിവ കൈമാറൽ, സംയുക്ത ഗവേഷണ പദ്ധതികൾ സംഘടിപ്പിക്കൽ എന്നിവയിലും ഇരു രാജ്യങ്ങളും ഒന്നിച്ചുനീങ്ങും.
ജി.സി.സി അംഗരാജ്യങ്ങളിൽ ടൂറിസത്തിന് അനന്തസാധ്യതകൾ
കുവൈത്ത് സിറ്റി: ജി.സി.സി അംഗരാജ്യങ്ങളിൽ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ടെന്നും ടൂറിസത്തിന് അനന്തസാധ്യതകളുള്ളതായും കുവൈത്ത് വിവര-സാംസ്കാരിക-യുവജനകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി. സൗദിയിൽ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരികം, വിനോദം, സാമൂഹികം എന്നീ അടിത്തറയിൽ ജി.സി.സി ടൂറിസ്റ്റ് മേഖല പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജി.സി.സി അംഗരാജ്യങ്ങളെയും മികച്ച ടൂറിസം റാങ്കിലേക്ക് മാറാൻ സഹായിക്കുന്നതിന് കൂടുതൽ നടപടി ആവശ്യമാണ്. ടൂറിസം, സാഹോദര്യവും അന്തർദേശീയവും പ്രാദേശികവും മാനുഷികവുമായ ബന്ധങ്ങൾ വർധിപ്പിക്കുന്നു. ഗൾഫ് സ്വത്വം ഉയർത്തുന്നതിനും ഇത് സംഭാവന ചെയ്യുന്നു -അദ്ദേഹം പറഞ്ഞു.
ഗ്രീൻ മിഡിലീസ്റ്റ് സംരംഭത്തിന് കുവൈത്ത് പൂർണ പിന്തുണ നൽകുന്നു. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള തീരുമാനങ്ങളോടുള്ള പ്രതിബദ്ധത തുടരുകയും ചെയ്യുന്നു. പാരിസ്ഥിതിക വിനോദസഞ്ചാരം എന്ന ആശയവും സുസ്ഥിര സാധ്യതകളെ പിന്തുണക്കുന്നതിനുമുള്ള കുവൈത്തിന്റെ താൽപര്യം പ്രകടമാക്കുന്നതാണ് പാരിസ്ഥിതിക സംരംഭങ്ങൾ.
വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കാനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും സഹായിക്കുന്ന നിരവധി വൈവിധ്യമാർന്ന ടൂറിസ്റ്റ് മേഖലകൾ കുവൈത്തിനുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

