വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണത്തിന് കുവൈത്തും സൗദിയും
text_fieldsകുവൈത്ത്- സൗദി അറേബ്യ സിവിൽ ഏവിയേഷൻ പ്രതിനിധികൾ ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണത്തിന് കുവൈത്തും സൗദി അറേബ്യയും. ഇരു രാജ്യങ്ങൾക്കുമിടയിൽ സാങ്കേതിക സഹകരണവും വൈദഗ്ധ്യം കൈമാറലും വർധിപ്പിക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവെച്ചു. കുവൈത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് ഹമൂദ് അൽ മുബാറക് അസ്സബാഹും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഐലെജുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
പരിശീലനം, വൈദഗ്ധ്യം കൈമാറൽ, പ്രവർത്തന സംവിധാനങ്ങളുടെ നവീകരണം എന്നിവയിൽ സമഗ്ര സഹകരണത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കുകയാണ് ധാരണപത്രത്തിന്റെ ലക്ഷ്യമെന്ന് ശൈഖ് ഹമൂദ് അൽ മുബാറക് പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വ്യോമയാന സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ഈ ധാരണപത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ സഹകരണത്തിൽ ഒരു പുതിയ ചുവടുവെപ്പാണ്. ഇത് കാര്യക്ഷമത വർധിപ്പിക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മുന്നോട്ടു പോകാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

