വിനോദസഞ്ചാരികളെ ആകർഷിക്കാൻ കുവൈത്ത് വിസ നയം ഉദാരമാക്കുന്നു
text_fieldsബ്രിഗേഡിയർ ഹമദ് അൽ-റുവൈഹ്
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര വിനോദ സഞ്ചാരകേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി കുവൈത്ത് വിസ നയം പരിഷ്കരിക്കുന്നു. സന്ദർശക വിസ അനുവദിക്കുന്നത് ഏറക്കാലമായി നിർത്തിവെച്ചിരുന്ന കുവൈത്ത് അടുത്തിടെ ഇതിൽ മാറ്റം വരുത്തി.
ഇനിയും ഉദാര നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു. നിലവിൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള സന്ദർശകർക്കും കുവൈത്തിലെ ടൂറിസം മേഖലയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് താമസകാര്യ വകുപ്പിലെ പ്രത്യേക സേവന വകുപ്പ് മേധാവി ബ്രിഗേഡിയർ ഹമദ് അൽ-റുവൈഹ് അറിയിച്ചു.
സന്ദർശകരെ ആകർഷിക്കുക, ടൂറിസം വർധിപ്പിക്കുക, റെസിഡൻസി നിയമങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട്, കുവൈത്ത് കാര്യക്ഷമമായ വിസയും റെസിഡൻസി പ്രക്രിയകളും അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
52 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് കുവൈത്ത് വിമാനത്താവളങ്ങളിൽ നേരിട്ട് വിസ ലഭ്യമാക്കും. ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് എളുപ്പത്തിൽ ടൂറിസ്റ്റ് വിസ ലഭ്യമാകും. വിസ അപേക്ഷ ലഭിച്ചുകഴിഞ്ഞ് ഒരു മിനിറ്റ് മുതൽ 24 മണിക്കൂറിനകം വിസ അനുവദിക്കുന്ന സംവിധാനമാണ് നടപ്പാക്കിയത്.
സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ലളിതമായ നടപടിക്രമങ്ങളാണ് കുടുംബ, ടൂറിസ്റ്റ്, വാണിജ്യ വിസകൾ നൽകുന്നതിനായി സ്വീകരിച്ചിരിക്കുന്നത്. പുതിയ റെസിഡൻസി നിയമം നടപ്പാക്കിയതോടെ നിയമലംഘനങ്ങൾ ഗണ്യമായി കുറവുണ്ടായതായും ബ്രിഗേഡിയർ ഹമദ് അൽ-റുവൈഹ് വിശദീകരിച്ചു. അതോടൊപ്പം, രാജ്യത്തെ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കുകയും അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുകയും ചെയ്യുന്നതിനായി പ്രധാന ടൂറിസം-വിനോദപദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നു.
നയതന്ത്രജ്ഞർക്കും അവരുടെ കുടുംബങ്ങൾക്കും വിസ അപേക്ഷകളും അനുബന്ധ ഇടപാടുകളും എളുപ്പമാക്കുന്നതിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് ബ്രിഗേഡിയർ അൽ-റുവൈഹ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

