കുവൈത്തിൽ പ്രവാസികൾക്ക് യാത്രക്ക് മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് യാത്രക്കു മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നു. ജൂലൈ ഒന്നു മുതൽ പുതിയ നിയമം നടപ്പിലാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് പുറപ്പെടുവിച്ച മന്ത്രിതല സർക്കുലർ പ്രകാരമാണ് നടപടി. ഇതു പ്രകാരം എല്ലാ പ്രവാസി തൊഴിലാളികളും രാജ്യം വിടുന്നതിന് മുമ്പ് എക്സിറ്റ് പെർമിറ്റ് നേടണം.
തൊഴിലുടമകളും പ്രവാസി തൊഴിലാളികളും ഇത് കർശനമായി പാലിക്കണം. തൊഴിലാളിയുടെ വ്യക്തിഗത വിവരങ്ങൾ, യാത്രാ തിയതി, ഗതാഗത രീതി എന്നിവ എക്സിറ്റ് പെർമിറ്റിനുള്ള അപേക്ഷയിൽ ഉൾപ്പെടുത്തണം. ഇവ രേഖപ്പെടുത്തിയ അപേക്ഷ നിയുക്ത പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി സമർപ്പിക്കണം. യാത്രക്കുമുമ്പ് തൊഴിലുടമകളിൽ നിന്നുള്ള ഔദ്യോഗിക അനുമതി ഉറപ്പാക്കുകയാണ് ലക്ഷ്യം.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ, യാത്ര നിയമപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ, മുൻകൂർ അനുമതിയില്ലാതെയും സ്പോൺസർ അറിയാതെയും തൊഴിലാളികൾ പോകുന്ന സംഭവങ്ങൾ കുറക്കുക എന്നിവയും പുതിയ സംവിധാനം വഴി ലക്ഷ്യമിടുന്നു.
സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് രാജ്യത്തിന് പുറത്തുപോകാൻ നേരത്തെ എക്സിറ്റ് പെർമിറ്റ് നിർബന്ധമാണ്. ഇത് ജൂലൈ ഒന്നു മുതൽ സ്വകാര്യമേഖലയിൽ കൂടി ബാധകമാകും. അപേക്ഷ രീതിയും എക്സിറ്റ് പെർമിറ്റ് നേടലും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ വ്യക്തമാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.