ഫലസ്തീൻ ജനതക്കുള്ള പിന്തുണ ആവർത്തിച്ച് കുവൈത്ത്
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യു.എൻ.ആർ.ഡബ്ല്യു.എ
കമീഷണർ ജനറൽ ഫിലിപ് ലസാരിനിയുമായി ചർച്ച നടത്തുന്നു
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കുള്ള കുവൈത്തിന്റെ പിന്തുണ അചഞ്ചലമാണെന്നാവർത്തിച്ച് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. നിയമാനുസൃതമായ രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കാനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും ഫലസ്തീനെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ റിലീഫ് ആൻഡ് വർക്ക് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) കമീഷണർ ജനറൽ ഫിലിപ് ലസാരിനിയുമായി ഈജിപ്തിലെ കൈറോയിൽ നടത്തിയ ചർച്ചയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അറബ് ലീഗിന്റെ 160ാം മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് ലസാരിനിയുമായി യു.എൻ.ആർ.ഡബ്ല്യു.എ പ്രവർത്തനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന സംവിധാനങ്ങൾ ചർച്ചയായത്.
ലോകമെമ്പാടുമുള്ള ഫലസ്തീൻ അഭയാർഥികളുടെ ദുരിതം ലഘൂകരിക്കാനുള്ള ഏജൻസിയുടെ ശ്രമങ്ങളെക്കുറിച്ചും അതിന്റെ മാനുഷിക പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ചും ലസാരിനി സംസാരിച്ചു. ഫലസ്തീൻ ജനതക്കുള്ള കുവൈത്തിന്റെ പിന്തുണയെ അഭിനന്ദിച്ച അദ്ദേഹം, അഭയാർഥികളെ സഹായിക്കുന്ന പദ്ധതികൾക്ക് നൽകുന്ന സംഭാവനകളെ വിലമതിക്കുകയും ചെയ്തു.
ഫലസ്തീൻ അഭയാർഥികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്നതിനാൽ, യു.എൻ.ആർ.ഡബ്ല്യു.എ പദ്ധതികളോടും അതിന്റെ മഹത്തായ ലക്ഷ്യങ്ങളോടുമുള്ള കുവൈത്തിന്റെ നിലപാട് മന്ത്രി അൽ ജാബിർ അസ്സബാഹ് ആവർത്തിച്ച് വ്യക്തമാക്കി.
ദിവസങ്ങൾക്കു മുമ്പ്, കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള അധ്യാപക-കരാർ പ്രതിനിധി സംഘത്തിന് റാമല്ലയിൽ നൽകിയ സ്വീകരണത്തിനിടെ, കുവൈത്ത് ഭരണനേതൃത്വവുമായും ജനങ്ങളുമായും ഫലസ്തീന് ആഴത്തിൽ വേരൂന്നിയ ബന്ധമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അറബ് ലീഗിന്റെ 160ാം മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കൈറോയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

