‘സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം’ ആവർത്തിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ ആക്രമണങ്ങളും ഉപരോധവും നിയമത്തിനും മനുഷ്യാവകാശങ്ങൾക്കും എതിരായ പ്രവർത്തനമാണെന്ന് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയ ആക്രമണങ്ങൾ ‘കൂട്ടായ ശിക്ഷ’യാണെന്നും സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലിയുടെ 80-ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി.
കിഴക്കൻ ജറുസലം തലസ്ഥാനമാക്കി 1967ലെ അതിർത്തികളിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. ഫലസ്തീനികളുടെ അവകാശങ്ങൾക്ക് കുവൈത്ത് ഉറച്ച പിന്തുണ തുടരുമെന്നും കിരീടാവകാശി വ്യക്തമാക്കി. ഇറാഖുമായുള്ള എല്ലാ പ്രശ്നങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം തീർക്കണമെന്നും ആവശ്യപ്പെട്ടു.
സമുദ്രാതിർത്തി നിർണയം, യുദ്ധ തടവുകാർ, കാണാതായവർ, ദേശീയ ആർക്കൈവ് വീണ്ടെടുക്കൽ തുടങ്ങി വിഷയങ്ങളിൽ ഇറാഖ് വ്യക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കിരീടാവകാശി പറഞ്ഞു.കുവൈത്ത് ‘വിഷൻ -2035’ വഴി രാജ്യത്തെ സാമ്പത്തിക-സാംസ്കാരിക കേന്ദ്രമാക്കുകയാണ് ലക്ഷ്യം. യുവാക്കളുടെയും സ്ത്രീകളുടെയും പങ്ക് അതിൽ നിർണായകമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

