യമന് സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി
text_fieldsയമനിലെ വികസന സമുച്ചയത്തിന് തറക്കല്ലിടുന്നു
കുവൈത്ത് സിറ്റി: യമന് സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിന്റെ ഭാഗമായി യമനിന്റെ കിഴക്ക് അൽ മഹ്റ ഗവർണറേറ്റിൽ ഗാനിമ അബ്ദുൽ അസീസ് അൽ സാഗർ കോംപ്ലക്സ് പദ്ധതിക്ക് കെ.ആർ.സി.എസ് തറക്കല്ലിട്ടു. 13 ക്ലാസ് മുറികളുള്ള സ്കൂൾ, രണ്ട് നിലകളുള്ള ആരോഗ്യകേന്ദ്രം, പള്ളി എന്നിവയുൾപ്പെടെ അഞ്ച് പ്രധാന കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് പദ്ധതി.
കുട്ടികൾക്കും സ്ത്രീകൾക്കുമായി ഒരു വികസന കേന്ദ്രവും മറ്റ് സൗകര്യങ്ങളുമുണ്ട്.അൽ മഹ്റ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി അവാദ് ഖുവൈസറനും പ്രാദേശിക ഉദ്യോഗസ്ഥരും ചേർന്നാണ് തറക്കല്ലിട്ടതെന്ന് കെ.ആർ.സി.എസ് അറിയിച്ചു.
യമനിലെ വികസനത്തിന് പിന്തുണ നൽകുന്ന കെ.ആർ.സി.എസിനെ ഖുവൈസറാൻ അഭിനന്ദിച്ചു. തുടർച്ചയായ പിന്തുണക്ക് കുവൈത്ത് അമീറിനും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. യമനിനുള്ള കുവൈത്തിന്റെ തുടർച്ചയായ പിന്തുണയുടെ ഭാഗമാണ് പദ്ധതി.

