ഗസ്സയിലേക്ക് അടിയന്തര സഹായം തുടരണമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി
text_fieldsഗസ്സയിലേക്കുള്ള സഹായവസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ രൂക്ഷമായ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഗസ്സയിലേക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം മേധാവി ഖാലിദ് അൽ സെയ്ദ് പറഞ്ഞു. ഗസ്സയിൽ വൈദ്യ സഹായം, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ അഭാവം രൂക്ഷമാണ്. 2.3 ദശലക്ഷം ആളുകൾ കെടുതികൾ അനുഭവിക്കുന്നു. ഇന്ധനവും വൈദ്യുതിയും തീർന്നതിനെത്തുടർന്ന് ഗസ്സയിലെ നിരവധി ആശുപത്രികൾ പ്രവർത്തനരഹിതമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ആർ.സി.എസ് വെബ്സൈറ്റിലൂടെ ഗസ്സയിലേക്ക് സംഭാവന സ്വീകരിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗസ്സയിലേക്ക് അടിയന്തര സഹായം ആവശ്യമാണെന്നും അൽ സെയ്ദ് പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിന്റെ തുടക്കം മുതൽ കുവൈത്ത് ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായങ്ങളും ആംബുലൻസുകളും അയക്കുന്നുണ്ട്. ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി പുതിയ വിമാനം പുറപ്പെടുന്ന പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ടൺ ഭക്ഷണവും മെഡിക്കൽ സാമഗ്രികളും വഹിച്ച് കുവൈത്തിന്റെ 19ാമത് മാനുഷിക സഹായ വിമാനമാണ് ചൊവ്വാഴ്ച പുറപ്പെട്ടത്. കുവൈത്തിലെ അബ്ദുല്ല അൽ മുബാറക് എയർബേസിൽ നിന്ന് പുറപ്പെട്ട വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് റഫ അതിർത്തിവഴി സഹായം ഗസ്സയിലെത്തിക്കും.
ഗസ്സയിലേക്ക് ഭക്ഷണം, വസ്ത്രങ്ങൾ, ടെന്റുകൾ, പുതപ്പുകൾ, സോളാർ പാനലുകൾ, ഡ്രില്ലിങ് ഉപകരണങ്ങൾ, ബുൾഡോസറുകൾ, ട്രക്കുകൾ, മെഡിക്കൽ സപ്ലൈസ്, ആംബുലൻസുകൾ എന്നിവ കുവൈത്ത് അയക്കുന്നുണ്ട്. സഹായം എത്തിക്കുന്ന രാജ്യങ്ങളിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

