അപകട മരണം കുറഞ്ഞു; പുതിയ ഗതാഗത നിയമം വൻ വിജയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിലവിൽ വന്ന പുതിയ ഗതാഗത നിയമം വൻ വിജയം. നിയമങ്ങളും പിഴകളും കർശനമാക്കിയതോടെ റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 94 ആയി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം 143 ആയിരുന്നു.
അപകടങ്ങൾ കുറക്കുന്നതിൽ പുതിയ ട്രാഫിക് നിയമം ഗുണകരമായതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. പൗരന്മാരുടെയും പ്രവാസികളുടെയും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതും അപകട നിരക്ക് കുറക്കാൻ പ്രധാന കാരണമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ജീവൻ രക്ഷിക്കുന്നതിനും അപകടങ്ങളിലൂടെയുള്ള നഷ്ടങ്ങൾ തടയുന്നതിനുമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായകമായെന്നും കൂട്ടിച്ചേർത്തു.
ട്രാഫിക് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ട്രാഫിക് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും തുടർച്ചയായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ജീവൻ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇതിന് നിരന്തരമായ സഹകരണവും അവബോധവും ആവശ്യമാണെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഉണർത്തി.
ഈ വർഷം ഏപ്രിൽ 22നാണ് കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയത്. റോഡ് സുരക്ഷ വർധിപ്പിക്കൽ, സ്മാർട്ട് സുരക്ഷ-ട്രാഫിക് സംവിധാനങ്ങൾ വികസിപ്പിക്കൽ, നിയമലംഘനങ്ങൾ കുറക്കൽ, അപകടകരമായ ഡ്രൈവിങ് ശീലങ്ങൾ നിയന്ത്രിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. നേരത്തെയുള്ള പിഴകളിൽ വൻ വർധനവ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്നതോടെ നിയമലംഘനങ്ങൾ കുത്തനെ കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

