കുവൈത്ത് റീ-എൻട്രി സമയപരിധി അവസാനിച്ചു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് വിസ നടപടികളിൽ നൽകിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും. ആറു മാസമായി രാജ്യത്തിന് പുറത്തുള്ള പ്രവാസികൾ ജനുവരി 31നുമുമ്പ് രാജ്യത്ത് പ്രവേശിക്കണം. അല്ലാത്ത പക്ഷം ഇവരുടെ റസിഡൻറ്സ് പെർമിറ്റ് സ്വയം റദ്ദാകും. ഇതിനുള്ള നിർദേശങ്ങൾ നൽകിയതായി റസിഡൻസി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫവാസ് അൽ മഷാൻ അറിയിച്ചതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
റസിഡൻസ് പെർമിറ്റ് റദ്ദായാൽ പുതിയ നടപടിക്രമങ്ങളും അംഗീകാരങ്ങളും ഇല്ലാതെ രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ കഴിയില്ല. ആർട്ടിക്കിൾ 17, ആർട്ടിക്കിൾ 19, ആർട്ടിക്കിൾ 22, ആർട്ടിക്കിൾ 23, ആർട്ടിക്കിൾ 24, ദീർഘകാലമായി രാജ്യത്തിന് പുറത്തുള്ളവർ എന്നിവർക്കെല്ലാം ഇത് ബാധകമായിരിക്കും. ജനുവരി 31നുശേഷം മറ്റൊരു അവസരം നൽകില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡൻസ് അഫയേഴ്‌സ് വിഭാഗം വ്യക്തമാക്കി.
ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുകഴിയുന്ന 18ാം നമ്പർ വിസയിലുള്ളവർക്ക് 2022 ഒക്ടോബർ 31 ആയിരുന്നു കുവൈത്തിൽ തിരിച്ചെത്താനുള്ള അവസാന സമയപരിധി. ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് നേരത്തെ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു.
കോവിഡ് സാഹചര്യത്തിൽ രോഗം പടരുന്നത് ചെറുക്കൽ, വിമാനസർവീിസ് റദ്ദാകൽ, തൊഴിൽ മേഖലയുടെ അടഞ്ഞുകിടക്കൽ എന്നിവ കണക്കിലെടുത്ത് കുവൈത്ത് വിസയുള്ള, രാജ്യത്തിന് പുറത്തുകഴിയുന്നവർക്ക് രാജ്യത്ത് പ്രവേശിക്കാതെ താമസാനുമതി പുതുക്കാൻ അവസരം നൽകിയിരുന്നു. ആറുമാസത്തിൽ കൂടുതൽ രാജ്യത്തിനുപുറത്ത് നിൽക്കരുത് എന്ന നിബന്ധനയിലും ഇളവ് നൽകുകയുണ്ടായി. ഈ മാസം അവസാനത്തോടെ ഈ പ്രത്യേകാവകാശങ്ങളെല്ലാം അവസാനിക്കും. കുവൈത്ത് റസിഡൻസി നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനുപുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

