കുവൈത്തിന് ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് യോഗ്യത
text_fieldsഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ സെമിയിൽ എത്തിയ കുവൈത്തിന്റെ ആഹ്ലാദം
കുവൈത്ത് സിറ്റി: 2025ലെ ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ടൂർണമെന്റിന് യോഗ്യത നേടി കുവൈത്ത്. ബഹ്റൈനിൽ നടക്കുന്ന 21ാമത് ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിലെ ഉജ്ജ്വല പ്രകടനമാണ് കുവൈത്തിനെ അടുത്ത വർഷം നടക്കുന്ന ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് യോഗ്യരാക്കിയത്. ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ എത്തിയ കുവൈത്ത് ചൊവ്വാഴ്ച ഖത്തറിനെ നേരിടും. ഇറാഖിനെ (32-20) തോൽപിച്ചാണ് കുവൈത്ത് സെമി ഫൈനൽ യോഗ്യത നേടിയത്. മറ്റൊരു സെമി മത്സരത്തിൽ ബഹ്റൈൻ ജപ്പാനെ നേരിടും.
വ്യാഴാഴ്ചയാണ് ഫൈനൽ. 16 ടീമുകൾ പങ്കെടുത്ത ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ചയാണ് ബഹ്റൈനിൽ തുടക്കമായത്.2025 ജനുവരി 14 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് ഇന്റർനാഷനൽ ഹാൻഡ്ബാൾ ഫെഡറേഷൻ ലോക പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്. ക്രൊയേഷ്യ, ഡെന്മാർക്ക്, നോർവേ എന്നിവിടങ്ങളിലായാണ് വേദി. 1982, 1995, 1999, 2001, 2003, 2005, 2007, 2009 എന്നിങ്ങനെ ഇതുവരെ എട്ടു തവണയാണ് കുവൈത്ത് ലോക ചാമ്പ്യൻഷിപ്പിൽ ഭാഗമായത്. 15 വർഷം മുമ്പ് 2009ൽ ക്രൊയേഷ്യ ചാമ്പ്യൻഷിപ്പിലാണ് കുവൈത്ത് അവസാനമായി പങ്കെടുത്തത്.

