കുവൈത്ത് പുസ്തകമേള നവംബറിൽ സെൻസർഷിപ്പിനെതിരെ പ്രതിഷേധവുമായി എഴുത്തുകാർ
text_fieldsകുവൈത്ത് സിറ്റി: നവംബറിൽ നടക്കാനിരിക്കുന്ന കുവൈത്ത് പുസ്തകമേളക്ക് മുന്നോടിയായി സെൻസർഷിപ്പിനെതിരെ പ്രതിഷേധവുമായി എഴുത്തുകാർ രംഗത്ത്. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തൽ, കുവൈത്ത് നീതിന്യായ വ്യവസ്ഥക്കെതിരായ നിലപാട്, ദേശ സുരക്ഷക്ക് ഭീഷണി, അസാന്മാർഗികം തുടങ്ങിയ കാരണങ്ങൾ ആരോപിച്ച് 4000ത്തിലേറെ പുസ്തകങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് നിരോധിച്ചത്. ഇതിൽ വിഖ്യാത എഴുത്തുകാരൻ ഗബ്രിയേൽ മാർക്വേസിെൻറ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’, വിക്ടർ യൂഗോയുടെ ‘നോത്തർദാമിലെ കൂനൻ’ എന്നിവയും ഉൾപ്പെടും. സെപ്റ്റംബർ ഒന്നിനും 15നും നിരവധി എഴുത്തുകാരും ആക്ടിവിസ്റ്റുകളും പാർലമെൻറിന് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടി. കുവൈത്തി നോവലിസ്റ്റ് മയ്സ് അൽ ഉസ്മാെൻറ ‘ദ വാർട്ട്’ എന്ന പുസ്തകവും നിരോധിച്ചവയിൽ ഉൾപ്പെടും.
കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശിപ്പിക്കുന്ന എല്ലാ പുസ്തകങ്ങളും സെൻസർഷിപ് കമ്മിറ്റി മുൻകൂട്ടി പരിശോധിക്കും. 2006ലെ പ്രസ് ആൻഡ് പബ്ലിക്കേഷൻ നിയമത്തിെൻറ ചുവടുപിടിച്ചാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ഇൗ നിയമം പരിഷ്കരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഒരു വാക്കിെൻറയോ ചിത്രത്തിെൻറയോ പേരിലാണ് പുസ്തകം അപ്പാടെ നിരോധിക്കുന്നതെന്നും ആധുനിക സമൂഹത്തിൽ നിരോധനം ഒരു മോശപ്പെട്ട കാര്യമാണെന്നും റൈറ്റേഴ്സ് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം, സമരക്കാരുടെ ആരോപണങ്ങൾ വാർത്താവിനിമയ മന്ത്രാലയം നിഷേധിച്ചു. മേഖലയിൽ ഏറ്റവും അധികം പ്രസിദ്ധീകരണ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണ് കുവൈത്ത്. നിരോധനം ഒറ്റപ്പെട്ട സംഭവവും അനുമതി സാധാരണവുമാണെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ അവാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
