വിവിധ രാജ്യങ്ങൾക്ക് സഹായം തുടരുന്നു; കൂടെയുണ്ട് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: പ്രതിസന്ധികളിലും ദുരന്തങ്ങളിലും പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങൾ തുടരുന്നു. അവശ്യവസ്തുക്കൾ, ഭക്ഷണം, മരുന്ന് എന്നിങ്ങനെ വിവിധ രൂപങ്ങളിൽ കുവൈത്തിന്റെ സഹായം എത്താത്ത രാജ്യങ്ങളില്ല. സർക്കാർ വകുപ്പുകൾ, പൊതുജനക്ഷേമ സൊസൈറ്റികൾ, കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ്, വിവിധ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെയാണ് സഹായം കൈമാറുന്നത്.
ദാരിദ്ര്യം, പ്രതിസന്ധികൾ, കഷ്ടപ്പാടുകൾ, പ്രകൃതി ദുരന്തങ്ങൾ, പകർച്ച വ്യാധികൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും ഈ സഹായം വലിയ രൂപത്തിൽ ആശ്വാസമാകുന്നു.
ദുരിതമനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന കുവൈത്തിന്റെ കരുതലിനുള്ള ആദരവായി 2014ൽ ഐക്യരാഷ്ട്രസഭ കുവൈത്തിനെ ‘മാനുഷിക പ്രവർത്തന കേന്ദ്രം’ എന്ന പദവി നൽകി ആദരിച്ചു.
അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ‘മാനുഷിക പ്രവർത്തനങ്ങളുടെ നേതാവ്’ എന്ന പദവി നൽകുകയുമുണ്ടായി.
ഫലസ്തീനൊപ്പം എന്നും
ഫലസ്തീനിൽ ദുരിതം അനുഭവിക്കുന്നവർക്ക് പതിറ്റാണ്ടുകളായി കുവൈത്ത് മാനുഷിക സഹായം നൽകിവരുന്നു. 2023 ഒക്ടോബർ ഏഴിന് ശേഷം സഹായം ഇരട്ടിപ്പിച്ചു. 144 ട്രക്കുകൾ, 52 വിമാനങ്ങൾ, മൂന്ന് കപ്പലുകൾ എന്നിവയിലായി ടൺകണക്കിന് വസ്തുക്കളാണ് കുവൈത്ത് ഗസ്സയിൽ എത്തിച്ചത്. മരുന്നുകൾ, ആംബുലൻസ്, മൊബൈൽ ക്ലിനിക്, വീൽ ചെയറുകൾ, ക്ലിനിങ് വസ്തുക്കൾ തുടങ്ങി മെഡിക്കൽ വസ്തുക്കൾ, വെള്ളം, ഭക്ഷണം തുടങ്ങിയ ആഹാര വസ്തുക്കൾ, ടെന്റുകൾ, പുതപ്പ്, വസ്ത്രങ്ങൾ, ജനറേറ്ററുകൾ, സോളാർ പാനലുകൾ എന്നിവയും കുവൈത്ത് ഗസ്സയിലെത്തിച്ചു. ഗസ്സയിൽ ശുദ്ധമായ കുടിവെള്ളത്തിന് ടാങ്കറുകളും സജ്ജീകരിച്ചു.
സുഡാനിലേക്ക് വിമാനങ്ങൾ
ആഭ്യന്തര സംഘർഷവും വെള്ളപ്പൊക്കവും ദുരിതം തീർത്ത സുഡാനിലേക്ക് 2023-25 വർഷം 35 വിമാനങ്ങളിലായി കുവൈത്ത് 393 ടൺ വസ്തുക്കൾ എത്തിച്ചു. ഒരു കപ്പലിലായി 2,000 ടൺ വസ്തുക്കളും കൈമാറി. ആംബുലൻസ്, ചികിത്സ ഉപകരണങ്ങൾ, വീൽചെയർ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, വെള്ളം, പുതപ്പുകൾ, ടെന്റ്, സ്ലീപ് ബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സിറിയയിലേക്ക് ട്രക്കും വിമാനങ്ങളും
2024-25 വർഷങ്ങളിലായി സിറിയയിലേക്ക് 250 ടൺ സഹായവസ്തുക്കളുമായി കുവൈത്ത് 10 ട്രക്കുകൾ അയച്ചു. 750 ടൺ വസ്തുക്കളുമായി 30 വിമാനങ്ങളും കുവൈത്തിൽ നിന്ന് പറന്നു. ഭക്ഷ്യവസ്തുക്കൾ, പുതപ്പ്, വസ്ത്രങ്ങൾ, ആംബുലൻസ്, ഓക്സിജൻ ടാങ്ക് എന്നിവയാണ് കുവൈത്ത് അയച്ചത്.
ലബനാനും സഹായം
ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഷെൽട്ടറുകൾ എന്നിവയുമായി ലബനാനിലേക്ക് കുവൈത്ത് 334 ടൺ വസ്തുക്കൾ എത്തിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിന് ശേഷമുള്ള കണക്കാണിത്. 10 വിമാനങ്ങളിലായാണ് സഹായം എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

