കുവൈത്ത് ജനസംഖ്യ 4.6 മില്യൺ
text_fieldsകുവൈത്ത് സിറ്റി: തദ്ദേശീയരുടെ എണ്ണത്തിൽ വർധനവും പ്രവാസികളുടെ എണ്ണത്തിൽ കുറവും രേഖപ്പെടുത്തി കുവൈത്തിലെ ജനസംഖ്യയുടെ പുതിയ കണക്ക്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ (സി.എസ്ബി) 2021 ഡിസംബർ അവസാനത്തോടെയുള്ള ജനസംഖ്യ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിലെ മൊത്തം ജനസംഖ്യ 42,16,900 ൽ എത്തിയതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യ ആഴ്ചയിലാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കണക്കുകൾ പുറത്തുവിട്ടത്.
അതേസമയം, 2020 ലെ 43,36,012 ൽ നിന്ന് 1,19,112 പേരുടെ ഇടിവ് പുതിയ കണക്കുകളിൽ രേഖപ്പെടുത്തുന്നു. കുവൈത്തിലെ പ്രവാസികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഏകദേശം 1,48,000 പേരുടെ കുറവ് പ്രവാസികളുടെ എണ്ണത്തിൽ കാണുന്നു. കുവൈത്തികളുടെ എണ്ണത്തിൽ ഏകദേശം 29,000 പേരുടെ വർധനയും ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അതിനിടെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (പി.എ.സി.ഐ) 2021 ജൂൺ അവസാനത്തോടെയുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിലെ ജനസംഖ്യ 46,27,674 ആണ്. 2021 അവസാനത്തെ സി.എസ്ബി സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 4,11,000 പേരുടെ വ്യത്യാസമുണ്ട് ഇതിൽ. 60 വയസ്സ് പിന്നിട്ട പ്രവാസികളുടെ എണ്ണത്തിലാണ് വലിയ വ്യത്യാസം കാണിക്കുന്നത്. സി.എസ്.ബി 60 വയസ്സും അതിൽ കൂടുതലുമുള്ളവർ 3,61,493 ആണെന്നും പി.എ.സി.ഐ 2021 ജൂൺ അവസാനം 1,22,004 ആണെന്നും കണക്കാക്കുന്നു.
25നും 29നും ഇടയിലുള്ളവർ സി.എസ്.ബിയുടെ അനുമാനം പ്രകാരം 2,06,048 ആണ്. പി.എ.സി.ഐയുടെ കണക്കിൽ 5,12,087. 3,06,000 വ്യത്യാസം ഇവിടെ കാണാം. അതിനിടെ രണ്ട് സ്ഥാപനങ്ങളുടെയും ജനസംഖ്യ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ വ്യത്യാസം കാണിക്കുന്നതിനാൽ ഇവയുടെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും നിരീക്ഷണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

