ഡിജിറ്റൽ മുന്നേറ്റത്തിന് ഇനി വേഗം കൂടും
text_fieldsകുവൈത്ത്- മൈക്രോസോഫ്റ്റ് കോർപറേഷൻ കരാർ ഒപ്പുവെക്കൽ ചടങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: രാജ്യത്തെ ഡിജിറ്റൽ മുന്നേറ്റം ഇനി അതിവേഗത്തിലാകും. ഇതിന്റെ ഭാഗമായുള്ള ശ്രദ്ധേയചുവടുവെപ്പായി മൈക്രോസോഫ്റ്റ് കോർപ്പറേഷനുമായി കുവൈത്ത് കരാറിൽ ഒപ്പുവെച്ചു.
രാജ്യത്തെ ഡിജിറ്റൽ മുന്നേറ്റം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ മെച്ചപ്പെടുത്തൽ എന്നതിന്റെ ഭാഗമായാണ് കരാർ. കുവൈത്ത് സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുമാണ് മൈക്രോസോഫ്റ്റ് കോർപ്പറേഷനുമായി സംയുക്ത കരാറില് ഒപ്പിട്ടത്.
കുവൈത്ത് ‘വിഷൻ- 2035’ന്റെ ഭാഗമായി രാജ്യത്തെ ഒരു പ്രാദേശിക എ.ഐ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് കരാർ സഹായകരമാകുമെന്നു കമ്മ്യൂണിക്കേഷൻസ് കാര്യ മന്ത്രി ഒമർ സൗദ് അബ്ദുൽ അസീസ് അൽ ഒമർ പറഞ്ഞു.
സർക്കാറിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും നവീകരണത്തിനും സംരംഭകത്വത്തിനും ഈ പങ്കാളിത്തം നിർണായകമാകും. പദ്ധതി നടപ്പിലാക്കുന്നതോടെ കുവൈത്തിൽ ഐ.ടി മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പിന്തുണക്കുന്ന ഡാറ്റാ സെന്റർ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
കൂടുതൽ സാങ്കേതിക കമ്പനികളെ കുവൈത്തിൽ നിക്ഷേപം നടത്തുന്നതിലേക്ക് ആകർഷിക്കാനും കരാർ സഹായിക്കും. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും സാമ്പത്തിക മുന്നേറ്റവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ കരാർ നിർണായകമാകുമെന്ന് മൈക്രോസോഫ്റ്റ് മിഡിലീസ്റ്റ് കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് സമീർ അബുൽ തൈഫ് പറഞ്ഞു.
കുവൈത്തിൽ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതിനും മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ മേഖലയിലെ സൈബർ സുരക്ഷ വർധിപ്പിക്കാനും സൈബർ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ‘സൈബർസ്ഫിയർ’ സംരംഭം ആരംഭിക്കാൻ കുവൈത്ത് സർക്കാറുമായി സഹകരിക്കുമെന്നും അബുൽ തൈഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

