സിറിയൻ അഭയാർഥികൾക്ക് ആശ്വാസവുമായി കുവൈത്ത് സന്നദ്ധ സംഘടന
text_fieldsലബനാനിലെ സിറിയൻ അഭയാർഥികൾക്കു സഹായം വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകൻ
കുവൈത്ത് സിറ്റി: ലബനാനിലെ സിറിയൻ അഭയാർഥികൾക്ക് ആശ്വാസവുമായി കുവൈത്ത് സന്നദ്ധസംഘടന. അൽ നജാത്ത് ചാരിറ്റി ലബനാനിലെ 3500 സിറിയൻ അഭയാർഥികൾക്ക് സഹായം വിതരണം ചെയ്തു. മഞ്ഞുകാലത്ത് അഭയാർഥികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള മാനുഷിക, ദുരിതാശ്വാസ കാമ്പയിനിന്റെ ഭാഗമായാണ് സഹായവിതരണം.
വടക്കുകിഴക്കൻ ലബനാനിലെ എർസൽ അഭയാർഥി ക്യാമ്പിലെ സിറിയൻ അഭയാർഥികൾക്കു നൽകിയ സഹായത്തിൽ ഭക്ഷണപ്പൊതികൾ, എണ്ണകൾ, പുതപ്പ് എന്നിവ ഉൾപ്പെടുന്നതായി അൽ നജാത്ത് റിസോഴ്സസ് ആൻഡ് കാമ്പയിൻ ഡയറക്ടർ ഉമർ അൽ ഷഖ്റ പറഞ്ഞു.
തണുത്ത കാലാവസ്ഥയും ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യവും കണക്കിലെടുത്ത് ആയിരക്കണക്കിന് അഭയാർഥികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കുവൈത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ സന്നദ്ധ സംഘടനകൾ സിറിയൻ, ഫലസ്തീൻ അഭയാർഥികൾക്കും, ലബനാൻ കുടുംബങ്ങൾക്കും നിരന്തരമായി സഹായങ്ങൾ നൽകുന്നുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലബനാനിലെ കഠിനമായ കാലാവസ്ഥ കാരണം ശൈത്യകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

