ഗസ്സയിലെ ആരാധനാലയങ്ങൾ നശിപ്പിക്കുന്നതിനെതിരെ കുവൈത്ത്
text_fieldsനാസർ അൽ ഹെയ്ൻ യു.എൻ മനുഷ്യാവകാശ കൗൺസിൽ ചർച്ചയിൽ
കുവൈത്ത് സിറ്റി: ഗസ്സയിലെ ആരാധനാലയങ്ങൾ ഇസ്രായേൽ സേന ആസൂത്രിതമായി നശിപ്പിക്കുന്നതിനെ യു.എന്നിലെയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്ൻ അപലപിച്ചു.
യു.എൻ മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി) പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു നാസർ അൽ ഹെയ്ൻ. ഫലസ്തീൻ പൗരന്മാർക്കെതിരായ ഇസ്രായേൽ നടപടി വ്യവസ്ഥാപിതമായ വംശീയതയുടെയും തുടർച്ചയായ അടിച്ചമർത്തലിന്റെയും വ്യക്തമായ തെളിവാണെന്ന് കുവൈത്ത് നയതന്ത്രജ്ഞൻ പറഞ്ഞു. യു.എൻ മനുഷ്യാവകാശ ചീഫ് വോൾക്കർ ടർക്കിന്റെ സാന്നിധ്യത്തിലായിരുന്നു നാസർ അൽ ഹെയ്നിന്റെ പരാമർശങ്ങൾ.
ഇസ്രായേലിന്റെ പ്രകോപനപരമായ പ്രവൃത്തികളും ബോധപൂർവവും പ്രകടവുമായ വംശീയത, വിവേചനം, ലംഘനങ്ങൾ എന്നിവയും അപലപിച്ച നാസർ അൽ ഹെയ്ൻ സഹിഷ്ണുതയും സമാധാനവും മിതത്വവും പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. സിവിലിയൻ, രാഷ്ട്രീയ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര ഉടമ്പടികളിൽ ശ്രദ്ധ നൽകാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഭീകരവാദവുമായി ബന്ധിപ്പിക്കുന്ന നയങ്ങളോടുള്ള കുവൈത്തിന്റെ എതിർപ്പ് അദ്ദേഹം വ്യക്തമാക്കി. ഭീകരത ലോകമെമ്പാടും കൂടുതൽ വിദ്വേഷവും വംശീയതയും വർധിപ്പിക്കും. ഇത് തുടച്ചു നീക്കാൻ അന്താരാഷ്ട്ര ശ്രമങ്ങൾ അനിവാര്യമാണെന്നും ഉണർത്തി. സഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും പരിപോഷിപ്പിക്കുന്നതിന് ജനങ്ങൾക്കിടയിൽ സഹകരണം ഉറപ്പാക്കാനും, നിയമങ്ങളിലെ പഴുതുകൾ പരിഹരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

