യുക്രെയ്ൻ വിഷയത്തിൽ കുവൈത്ത്; രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കപ്പെടണം
text_fieldsവിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹ്, യുക്രെയ്ൻ അംബാസഡർ ഒലെക്‌സാണ്ടർ ബാലനുത്സക്കൊപ്പം
കുവൈത്ത് സിറ്റി: രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കപ്പെടണം എന്ന തത്ത്വം ഊന്നിപ്പറഞ്ഞ് യുക്രെയ്ൻ പ്രതിസന്ധിയോടുള്ള രാജ്യത്തിന്റെ നിലപാട് കുവൈത്ത് വീണ്ടും വ്യക്തമാക്കി.
യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി അംബാസഡർ ഒലെക്‌സാണ്ടർ ബാലനുത്സയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹ് കുവൈത്ത് നിലപാട് വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്‌ട്രനിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, അന്താരാഷ്ട്ര തലത്തിലുള്ള പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക പവിത്രത എന്നിവയുടെ തത്ത്വങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്ന കുവൈത്തിന്റെ നിലപാട് കൂടിക്കാഴ്ചയിൽ ശൈഖ് സലീം അറിയിച്ചു.
അംഗീകൃത അതിർത്തികൾ, തർക്കങ്ങൾ, കലഹങ്ങൾ എന്നിവ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുക എന്ന തത്ത്വത്തിൽ, ചർച്ചയിലൂടെയും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായി പ്രശ്നം അവസാനിപ്പിക്കാൻ അദ്ദേഹം ഉണർത്തി. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്രശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുവൈത്തിന് യുക്രെയ്ൻ പ്രസിഡന്റിന്റെ ആശംസകൾ അംബാസഡർ അറിയിച്ചു. യുക്രെയ്നിലെ ദുരിതങ്ങൾ കുറയ്ക്കുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങൾക്കുള്ള കുവൈത്തിന്റെ പിന്തുണയെയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഊട്ടിയുറപ്പിക്കുന്നതിലുള്ള ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

