ലഹരിക്കെതിരായ പോരാട്ടത്തിൽ വിജയവഴിയിൽ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ലഹരിക്കെതിരായ പോരാട്ടത്തിൽ വിജയവഴിയിൽ കുവൈത്ത്. രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ലഹരിവസ്തുക്കളുടെ 95 ശതമാനവും തടയാൻ കഴിഞ്ഞതായും സുരക്ഷാ ഏജൻസികളും സർക്കാർ ഏജൻസികളും തമ്മിലുള്ള ഏകോപനമാണ് ഈ നേട്ടത്തിന് കാരണമെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഉൂദ് അസ്സബാഹ് പറഞ്ഞു.
മയക്കുമരുന്നിനെതിരെ പോരാടുക എന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ മാത്രം കടമയല്ല, പൊതു ഉത്തരവാദിത്തമാണെന്നും ശൈഖ് ഫഹദ് വ്യക്തമാക്കി. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ കാമ്പയിൻ ‘വതൻ യഹ്മീക്’ (ഒരു രാഷ്ട്രം നിങ്ങളെ സംരക്ഷിക്കുന്നു) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് പദാർത്ഥങ്ങൾ നിറച്ച എ-4 പേപ്പറിന്റെ കയറ്റുമതി അടുത്തിടെ കണ്ടെത്തി. സങ്കീർണ്ണമായ കള്ളക്കടത്ത് സാങ്കേതിക വിദ്യകളുടെ ഒരു ഉദാഹരണമാണിതെന്ന് മന്ത്രി വ്യക്തമാക്കി. യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം തടയുന്നതിൽ മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും പങ്കും ശൈഖ് ഫഹദ് സൂചിപ്പിച്ചു. ലഹരികടത്തുകാർ വിവിധ മാർഗങ്ങളിലൂടെ എല്ലാ വീടുകളിലേക്കും നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആസക്തി ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതിന് ആരോഗ്യ മന്ത്രാലയത്തെ മന്ത്രി പ്രശംസിച്ചു. ശരിയായ ചികിത്സ, കുടുംബ പിന്തുണ, ദൃഢനിശ്ചയം എന്നിവയാൽ മറികടക്കാൻ കഴിയുന്ന ഒരു രോഗമാണ് ലഹരി ആസക്തി എന്ന് അദ്ദേഹം ഉണർത്തി. മയക്കുമരുന്നിനെതിരെ പോരാടുന്നത് ഒരു പൊതു ദേശീയ ഉത്തരവാദിത്തമാണെന്ന് സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല വിശേഷിപ്പിച്ചു. നീതിന്യായ മന്ത്രി നാസർ അൽ സുമൈത്, ആരോഗ്യ മന്ത്രി ഡോ.അഹ്മദ് അൽ അവാദി, സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അവന്യൂസ് മാളിൽ മൂന്ന് ദിവസത്തെ കാമ്പയിനും തുടക്കമായി. മറ്റു വിവിധ പ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന ഒരു മാസത്തെ ലഹരിവിരുദ്ധ പ്രചാരണവും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

