ഒമിക്രോൺ ഗൾഫ് രാജ്യങ്ങളിലും: കുവൈത്ത് ജാഗ്രതയിൽ
text_fieldsപ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആർമി ക്യാമ്പ് സന്ദർശിച്ച്
കരസേനയുടെ ടാങ്ക് പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: സൗദി, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസിെൻറ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കുവൈത്ത് ജാഗ്രത ശക്തമാക്കി. ഒമിക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതും ഗൾഫ് മേഖലയിലേക്കും എത്തിയതും കുവൈത്ത് അതിഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
അതേസമയം, കുവൈത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. ആശ്വാസകരമായ ആരോഗ്യസാഹചര്യമാണ് രാജ്യത്തുള്ളത്.
മറ്റു ഗൾഫ് നാടുകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്ത് ആർമി ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇതുവരെ ഒമിക്രോൺ വകഭേദത്തിെൻറ ഒറ്റ കേസുപോലും കുവൈത്തിൽ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. നിലവിൽ രാജ്യത്തെ ആരോഗ്യസാഹചര്യം ഏറെ മെച്ചപ്പെട്ടതും ആശ്വാസം പകരുന്നതുമാണ്. ജി.സി.സി കൂട്ടായ്മയിലെ മറ്റു രാജ്യങ്ങളിലെ ആരോഗ്യ സാഹചര്യങ്ങളും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ആരോഗ്യസാഹചര്യം വിലയിരുത്താൻ കഴിഞ്ഞദിവസം കുവൈത്ത് മന്ത്രിതല കമ്മിറ്റി യോഗം ചേർന്നിരുന്നു. ആഗോളതലത്തിലെ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും രാജ്യത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും യോഗാനന്തരം സർക്കാർ വക്താവ് താരീഖ് അൽ മസ്റം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നെത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കാൻ വ്യോമയാന വകുപ്പിന് ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസിൽ അസ്സബാഹ് നിർദേശം നൽകിയതായും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.
ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പോയിട്ടുണ്ടെങ്കിൽ പ്രത്യേകം നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

