പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം; വികസന കുതിപ്പിനൊരുങ്ങി കുവൈത്ത്
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികൾ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയുടെ 34ാമത് യോഗം വിലയിരുത്തി. ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ കുവൈത്തിന്റെ വിവിധ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതിയെ പ്രധാനമന്ത്രി പ്രശംസിച്ചു. വരുംദിവസങ്ങളിൽ ഉന്നതതല രാഷ്ട്രീയ നേതാക്കൾ കുവൈത്ത് സന്ദർശിക്കുമെന്നും, സാമ്പത്തിക, നിക്ഷേപ, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന അടിത്തറയായി ഈ സന്ദർശനങ്ങൾ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൻതോതിലുള്ള വികസന പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ സാമ്പത്തിക, നിക്ഷേപ സഹകരണത്തിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടുള്ള നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തതായി ഏഷ്യൻ കാര്യങ്ങളുടെ വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ഹയാത്ത് പറഞ്ഞു. ആഗോള കമ്പനികളുമായി സർക്കാർ തലത്തിൽ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
മുബാറക് അൽ കബീർ തുറമുഖം, പവർ ഗ്രിഡ്, പുനരുപയോഗ ഊർജ സഹകരണം, ഭവന നിർമാണം, അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വികസനങ്ങളും ചർച്ചകളിൽ ഉൾപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ദിവാൻ മോവി അബ്ദുൽ അസീസ് അൽ ദഖീൽ, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മശാൻ, മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മശാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി, ധനകാര്യ ആക്ടിങ് മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായ ഡോ. സബീഹ് അൽ മുഖൈസീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

