കുവൈത്ത് എണ്ണവില 91 ഡോളറിന് മുകളിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം വില ബാരലിന് 91 ഡോളറിന് മുകളിലെത്തി. തൊട്ടുമുമ്പത്തെ ദിവസത്തിൽനിന്ന് 1.41 ഡോളർ വർധിച്ച് 91.23 ഡോളറാണ് വില രേഖപ്പെടുത്തിയത്.
ആഗോള വിപണിയിൽ ബ്രെൻറ് ക്രൂഡ് 15 സെന്റ് വില കുറഞ്ഞ് 89.81 ഡോളറും വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് 21 സെന്റ് വില കുറഞ്ഞ് 87.15 ഡോളറുമാണ് വില രേഖപ്പെടുത്തിയത്. പെട്രോളിയം വില വർധിക്കുന്നത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാണ്.
കോവിഡ് പ്രതിസന്ധിയിൽ അയവു വന്ന വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വില വർധനക്ക് കാരണം. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സാമ്പത്തിക വ്യവസ്ഥ കരകയറാൻ വിവിധ രാജ്യങ്ങൾ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നു. എണ്ണവില ബാരലിന് 100 ഡോളർ വരെ വർധിച്ചേക്കുമെന്ന് ഗോൾഡ്മാൻ സാചസ്, ജെ.പി മോർഗൻ എന്നിവ പ്രവചിക്കുന്നു. 2014ന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടന്നിട്ടില്ല. മുഖ്യ വരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളം തെറ്റിയ കുവൈത്ത് കമ്മി നികത്താൻ കടമെടുക്കുകയാണ്.
കാഷ് ലിക്വിഡിറ്റിയെയും ബാധിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യം കരകയറി വരുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ 11.26 ഡോളറിലേക്ക് കൂപ്പുകുത്തിയതിന് ശേഷം ക്രമേണ വർധിച്ചാണ് ഈ നിലയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

