ഇടുക്കിയിലെ തോട്ടം മേഖലയിലേക്ക് കരുതലുമായ് സാന്ത്വനം കുവൈത്ത്
text_fieldsസാന്ത്വനം കുവൈത്ത് ഇടുക്കിയിൽ ആരംഭിക്കുന്ന സെന്ററിന്റെ മാതൃക
കുവൈത്ത് സിറ്റി: വിവിധ പ്രയാസങ്ങളാൽ ദുരിതം അനുഭവിക്കുന്നവരെ ചേർത്തുനിർത്തുന്ന സാന്ത്വനം കുവൈത്ത് ഇടുക്കിയിൽ കരുതലൊരുക്കുന്നു. ഇടുക്കി പീരുമേട് താലൂക്കിലെ പശുപ്പാറയിൽ പാലിയേറ്റിവ് കെയർ ആൻഡ് കമ്യൂണിറ്റി സെന്റർ നിർമിക്കുമെന്ന് സാന്ത്വനം കുവൈത്ത് അറിയിച്ചു.
25 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പശുപ്പാറ പീപ്ൾസ് ക്ലബുമായി ചേർന്നാണ് സെന്റർ നിർമിക്കുക. സാമൂഹ്യ പ്രതിബദ്ധതയുള്ള നന്മ നിറഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമാണ് ‘പി.പി.സി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പശുപ്പാറ പീപ്ൾസ് ക്ലബ് ആൻഡ് ലൈബ്രറി. അവർക്ക് സ്വന്തമായുള്ള സ്ഥലത്ത് പി.പി.സിയും സാന്ത്വനം കുവൈത്തും സംയുക്തമായി ചേർന്നാണ് നിർമാണം. സെന്ററിന് മുപ്പത് ലക്ഷത്തോളം നിർമാണ ചെലവ് പ്രതീക്ഷിക്കുന്നു. അവികസിത തോട്ടം തൊഴിലാളി മേഖലയിലെ ജനങ്ങൾക്ക് സെന്റർ പ്രയോജനവും ആശ്വാസവുമാകുമെന്ന് സാന്ത്വനം പ്രസിഡന്റ് ജ്യോതിദാസും സെക്രട്ടറി ജിതിൻ ജോസും പറഞ്ഞു. സാന്ത്വനത്തിന്റെ കഴിഞ്ഞ വർഷത്തെ സ്പെഷൽ പ്രോജക്ട് ആയ കാസർകോട് കരിന്തളത്ത് സ്ഥാപിക്കുന്ന ഫിസിയോതെറപ്പി സെന്ററിന്റെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 40 ലക്ഷത്തോളം രൂപ മുതൽമുടക്കിയാണ് നിർമാണം. മേയിൽ സെന്റർ പ്രവർത്തനസജ്ജമാകും.
കേരളത്തിലെ മറ്റു ജില്ലകളിലും സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘങ്ങളുമായി ചേർന്ന് ഇത്തരം സ്ഥാപനങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം സ്പെഷൽ പ്രോജക്ടിനു പുറമേ ഒരു കോടിയിലധികം രൂപയുടെ ചികിത്സാസഹായങ്ങൾ സാന്ത്വനം കുവൈത്ത് എത്തിച്ചതായും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

