കുവൈത്ത് വാർത്താ ചാനൽ ഒരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം ആരംഭിക്കുന്ന ചാനൽ ജൂലൈ 28 മുതൽ പ്രക്ഷേപണം ആരംഭിക്കും. 24 മണിക്കൂർ വാർത്ത ബുള്ളറ്റിൻ, വാർത്ത അവലോകനങ്ങൾ, സാംസ്കാരിക പരിപാടികൾ, ടോക്ക് ഷോ എന്നിവ ഉൾപ്പെടുന്നതാകും വാർത്ത ചാനലെന്ന് ഇൻഫർമേഷൻ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.ബാദർ അൽ എനേസി അറിയിച്ചു.
കുവൈത്ത് സാംസ്കാരിക ധാർമികതയെ പ്രതിഫലിപ്പിക്കുന്ന മറ്റു പരിപാടികളും സാമ്പത്തിക, കായിക, സാമൂഹിക,സാംസ്കാരിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിവിധ പരിപാടികളും റിപ്പോർട്ടുകളും ചാനൽ അവതരിപ്പിക്കും. വാർത്ത ചാനലിന്റെ ആദ്യ ഘട്ടമായ ഔദ്യോഗിക പരിപാടികൾ ജൂലൈ 21ന് നടക്കും. വിദേശ വിഷയങ്ങളിൽ രാജ്യത്തിന്റെ വിദേശ നയവുമായി പൊരുത്തപ്പെടുന്നതായിരിക്കും ചാനലിന്റെ നയം.
പ്രധാനപ്പെട്ട പ്രാദേശിക സംഭവങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്നതിനും സർക്കാർ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ചാനൽ നിലകൊള്ളും. ടെലിവിഷൻ സംപ്രേഷണം, ഫോട്ടോഗ്രഫി, സംവിധാനം, സ്റ്റുഡിയോകൾ എന്നീ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ചാനൽ ഉപയോഗിക്കും. ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ വൈദഗ്ധ്യവും സാങ്കേതിക സംഘങ്ങളെയും പ്രയോജനപ്പെടുത്തിയാകും പ്രവർത്തനം.

