കുവൈത്ത്: പുതിയ സർക്കാർ തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യും
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യും. ഡെപ്യൂട്ടി അമീറായി നിയമിതനായ പ്രധാനമന്ത്രി ഈ നിലയിലും സത്യപ്രതിജ്ഞ ചെയ്യുമെന്നും സ്പീക്കർ അഹ്മദ് അൽ സദൂൺ അറിയിച്ചു. ഇതിനായി തിങ്കളാഴ്ച പ്രത്യേക അസംബ്ലി സമ്മേളനം ചേരും.
ഈ മാസം നാലിനാണ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലിം അസ്സബാഹിനെ നിയമിച്ചത്. 17 പ്രധാനമന്ത്രി പുതിയ മന്ത്രിസഭ രൂപവത്കരിക്കുകയും അമീറിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഭരണഘടന പ്രകാരം മന്ത്രിസഭ അംഗങ്ങൾ ദേശീയ അസംബ്ലിയിലും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
ഇതിനിടെ, ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനെ ഡെപ്യൂട്ടി അമീറായി നിയമിച്ചും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുറപ്പെടുവിച്ചു. അമീർ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ പ്രധാനമന്ത്രിക്കായിരിക്കും ചുമതല.
പുതിയ കിരീടാവകാശിയെ നാമകരണം ചെയ്യുന്നതുവരെയാകും ചുമതല. ഡെപ്യൂട്ടി അമീറും അസംബ്ലിയിൽ സത്യപ്രതിജ്ഞചെയ്യൽ നിർബന്ധമാണ്. പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് അമീറിന് വേണ്ടി പ്രവർത്തിക്കുന്ന സമയത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് പ്രധാനമന്ത്രിയുടെ ചുമതല നിർവഹിക്കും.
ഡിസംബർ 20ന് മുൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജി സമർപ്പിച്ചതാണ് പുതിയ സർക്കാർ രൂപവത്കരണത്തിന് സാഹചര്യം ഒരുക്കിയത്.

