ഓർമകളുടെ സൂക്ഷിപ്പുകേന്ദ്രമായി കുവൈത്ത് നാഷനൽ ലൈബ്രറി
text_fieldsകുവൈത്ത് സിറ്റി: വൈജ്ഞാനിക കേന്ദ്രം എന്നതിനൊപ്പം രാജ്യത്തിന്റെ ഓർമകൾ സൂക്ഷിക്കുന്ന ഇടം കൂടിയായി മാറി കുവൈത്ത് നാഷനൽ ലൈബ്രറി. അപൂർവ പുസ്തകങ്ങൾ, രേഖകൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുന്നതിനായി ‘മെമ്മറി ഓഫ് നാഷൻ’ പദ്ധതി ലൈബ്രറിയിൽ ആരംഭിച്ചു. ഗവേഷകർക്കും പൊതുജനങ്ങൾക്കും സാംസ്കാരിക പൈതൃകത്തിലേക്ക് പഴയ രേഖകൾ ഇതുവഴി സുഗമമായി ലഭ്യമാകും.
പതിനായിരക്കണക്കിന് പുസ്തകങ്ങൾ, റഫറൻസുകൾ, കൈയെഴുത്തുപ്രതികൾ, ആനുകാലികങ്ങൾ എന്നിവയാൽ സമ്പന്നമാണ് കുവൈത്ത് നാഷനൽ ലൈബ്രറി. ഒരു ദശലക്ഷത്തിലധികം വാല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ലൈബ്രറിയുടെ പുതിയ കെട്ടിടം രൂപകൽപ്പന.
കുവൈത്ത്, അറബ്, ഇസ്ലാമിക പൈതൃകം ശേഖരിച്ച് രേഖപ്പെടുത്തൽ, ഏകീകൃത ദേശീയ കാറ്റലോഗ് തയാറാക്കൽ, ഗവേഷണത്തെ പിന്തുണക്കുന്നതിനായി നൂതന വിവര സംവിധാനങ്ങൾ വികസിപ്പിക്കൽ, രാജ്യത്ത് പുറത്തിറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങൾക്കും ഇന്റർനാഷനൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പറുകൾ നൽകൽ തുടങ്ങി വ്യത്യസ്ത ചുമതലകളും വഹിക്കുന്നു.
അന്തരിച്ച അമീർ ശൈഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഭരണകാലത്ത് 1923ൽ പബ്ലിക് ലൈബ്രറി എന്ന പേരിലാണ് ലൈബ്രറി സ്ഥാപിതമായത്. പതിറ്റാണ്ടുകൾക്കിടെ ഇത് നിരവധി പേരുകളിൽ പരിണമിച്ചു. 1936ൽ ഇത് ലൈബ്രറി ഓഫ് പബ്ലിക് ഇൻഫർമേഷൻ ആയി മാറി.
1962 വരെ മെയിൻ ഇൻഫർമേഷൻ ലൈബ്രറി എന്നും പിന്നീട് 1966 വരെ മെയിൻ പബ്ലിക് ലൈബ്രറി എന്നും അറിയപ്പെട്ടു. പിന്നീട് 1985 വരെ സെൻട്രൽ ലൈബ്രറി എന്നും 1994 വരെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.
1994ലെ അമീരി ഡിക്രി പ്രകാരം മുബാറക്കിയ സ്കൂളിൽ കുവൈത്ത് ദേശീയ ലൈബ്രറിയായി സ്ഥാപിതമായി. 2011ൽ അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

