ദേശീയ- വിമോചന ദിനം; മണ്ണിലും വിണ്ണിലും ആഘോഷം…
text_fieldsകുവൈത്ത് സിറ്റി: സ്വാതന്ത്രത്തിന്റെയും, അധിനിവേശ മോചനത്തിന്റെയും സ്മരണ പുതുക്കി രാജ്യം ഒരിക്കൽ കൂടി ദേശീയ-വിമോചന ദിനങ്ങൾ ആഘോഷിച്ചു.
ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ഓർമ പുതുക്കി ചൊവ്വാഴ്ച ദേശീയ ദിനവും ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായതിന്റെ ഓർമക്ക് വിമോചനദിനവും ആചരിച്ചു.
രണ്ടു ദിവസങ്ങളിലായി രാജ്യം നിറഞ്ഞ ആഘോഷത്തിലായിരുന്നു. ഔദ്യോഗികമായും അല്ലാതെയും വിവിധ പരിപാടികൾ നടന്നു.
ടൂറിസം എന്റർപ്രൈസസ് കമ്പനി കുവൈത്ത് ടവറുകൾക്ക് സമീപം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വ്യോമസേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഹെലികോപ്ടർ യൂനിറ്റും കുവൈത്ത് ടവറിൽ ആകാശ പ്രദർശനം സംഘടിപ്പിച്ചു.
ശഹീദ് പാർക്കിലും പ്രധാന മാളുകളിലും നടന്ന ഫയർവർക്കും ഡ്രോൺ ഷോയും കാണാൻ നിരവധി പേർ എത്തി. പാതയോരങ്ങൾ ദീപാലങ്കാരങ്ങളാൽ കുളിച്ചു. ഓരോ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചും ആഘോഷങ്ങൾ നടന്നു.
കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമായി കുവൈത്തിന്റെ ദേശീയ പതാക വീശി സ്വദേശികളും പ്രവാസികളും പാതകൾ കൈയടക്കി. കടുത്ത തണുപ്പിനിടയിലും ആയിരക്കണക്കിന് ആളുകളാണ് ദേശീയ പതാകയുമായി നിരത്തിലിറങ്ങിയത്.
കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, അൽ കൂത്ത് മാൾ, ഖൈറാൻ മാൾ എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി. പ്രധാന ഷോപ്പിങ് മാളുകളും കച്ചവട സ്ഥാപനങ്ങളും ദീപാലങ്കാരം കൊണ്ടും ഓഫറുകൾ പ്രഖ്യാപിച്ചും ദേശീയ ദിനത്തിന്റെ ഭാഗമായി. സ്വദേശികൾക്കൊപ്പം പ്രവാസികളും ആഘോഷത്തിന്റെ നിറവിന് മാറ്റേകി.
ദേശീയ ഐക്യത്തിന്റെ മുന്നേറ്റം…
കുവൈത്ത് സിറ്റി: ദുസ്സഹമായ ഓർമകളുടെ ചരിത്രത്തിൽ നിന്ന് വളർച്ചയുടെയും ഉയർച്ചയുടെയും പുതിയ പടവുകൾ അടയാളപ്പെടുത്തി അഭിമാനകരമായ മുഹൂർത്തങ്ങളിലൂടെയാണ് രാജ്യം 64മത് ദേശീയദിനവും, 34മത് വിമോചന ദിനവും പിന്നിട്ടത്.
ഗൾഫ്മേഖലയിലും ലോകരാജ്യങ്ങൾക്കിടയിലും നിർണായക സ്വാധീനമുള്ള രാജ്യമാണ് ഇന്ന് കുവൈത്ത്. അധിനിവേശത്തിന്റെ കറുത്ത ദിനങ്ങൾ അതിവേഗത്തിൽ കുടഞ്ഞെറിഞ്ഞ രാജ്യം വികസനത്തിന്റെയും കാരുണ്യത്തിന്റെയും കൈകൾ ചേർത്തുവെച്ച് മുന്നേറുകയാണ്.
ആറു പതിറ്റാണ്ടു മുമ്പു ബ്രിട്ടന്റെ കോളനി രാജ്യത്തിൽ നിന്ന് വിമോചിതമായി സ്വാതന്ത്ര്യമായി മുന്നേറുകയായിരുന്ന കുവൈത്ത് മൂന്നു പതിറ്റാണ്ടു മുമ്പു ഇറാഖ് അധിനിവേശത്തിൽ വീണ്ടും തളർന്നു പോയതാണ്. എന്നാൽ തളർന്നു നിൽക്കലല്ല, കുതിച്ചു മുന്നേറലിലാണ് ശക്തി എന്നു രാജ്യം വൈകാതെ തെളിയിച്ചു.
ഇന്ന് രാജ്യം വികസനക്കുതിപ്പിലാണ്. അതിനൊപ്പം ലോകത്തിന്റെ പൊതുനന്മക്കായി ഈ കൊച്ചുരാജ്യം ആവുന്നത് ചെയ്തുകൊണ്ടേയിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ തീർക്കുന്നതിന് ഇടനിലക്കാരായും പ്രകൃതി ദുരന്തങ്ങളാലും ആഭ്യന്തര സംഘർഷങ്ങളാലും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചും നന്മയുടെ വഴിയേ മുന്നിൽ നടക്കുന്നു.
ദേശീയ വിമോചന ദിനങ്ങളായ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വലിയ ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ദേശീയ പതാകകളുമായി ജനങ്ങൾ തെരുവിൽ ആഹ്ലാദം പങ്കുവെച്ചു.
കെട്ടിടങ്ങളും വീടുകളും വർണവെളിച്ചത്തിൽ തിളങ്ങി. പാർക്കുകളിലും ബീച്ചുകളിലും ജനം ഒഴുകിയെത്തി. മാളുകൾ വ്യത്യസ്തമായ കലാരൂപങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ദേശീയ ഐക്യം, സാഹോദര്യം എന്നിവയുടെ തുറന്ന പ്രകടനമായി ആഘോഷം മാറി.
കുവൈത്തിന് ആശംസകൾ നേർന്ന് ജി.സി.സി സെക്രട്ടറി ജനറൽ
കുവൈത്ത് സിറ്റി: ദേശീയ വിമോചന ദിനത്തിൽ കുവൈത്തിന് ആശംസകൾ ബുദൈവി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരെ ജാസിം അൽ ബുദൈവി ആശംസ അറിയിച്ചു.
വികസനത്തിലും സമൃദ്ധിയിലും കുവൈത്ത് നൽകുന്ന മുൻനിര പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ സംയോജനവും സഹകരണവും വളർത്തിയെടുക്കുന്നതിൽ കുവൈത്ത് നൽകുന്ന വിലപ്പെട്ട സംഭാവനകളും സൂചിപ്പിച്ചു.
കുവൈത്ത് ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ഖുതുബ് മീനാർ കുവൈത്ത് ദേശീയ പതാകയുടെ നിറമണിഞ്ഞപ്പോൾ. ഇന്ത്യയിലെ കുവൈത്ത് എംബസിയിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ഖുതുബ് മീനാറിനെ നിറമണിയിച്ചത്
ഗൾഫ് മേഖലയിലും ലോകമെമ്പാടും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള കുവൈത്തിന്റെ നിരന്തര ശ്രമങ്ങളെയും ജാസിം അൽ ബുദൈവി പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

