അധിനിവേശത്തിന്റെ ശേഷിപ്പുകൾ മായാതെ സൂക്ഷിച്ച് മ്യൂസിയങ്ങൾ
text_fieldsബൈത്ത് അൽ ഉസ്മാൻ മ്യൂസിയത്തിലെ പ്രദർശന വസ്തുക്കൾ, അധിനിവേശകാലത്തെ ആയുധങ്ങളും രേഖകളും
കുവൈത്ത് സിറ്റി: മൂന്നു പതിറ്റാണ്ടിനിപ്പുറവും ഇറാഖി അധിനിവേശത്തിന്റെ ശേഷിപ്പുകൾ മായാതെ സൂക്ഷിക്കപ്പെട്ട ഒരുപാട് ഇടങ്ങളുണ്ട് കുവൈത്തിൽ. സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ മ്യൂസിയങ്ങളിലും ആ സ്മരണകൾ മായാതെ നിലകൊള്ളുന്നു. ചരിത്രത്തിന്റെ ശേഷിപ്പുകൾ വർത്തമാനത്തോട് അവയിലൂടെ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെക്കുന്നു. പ്രതിരോധ സ്മരണകൾ മുതൽ അധിനിവേശത്തിന്റെ വിനാശകരമായ ആഘാതവും, വിമോചനസമയത്തെ സന്തോഷത്തിന്റെ അതിപ്രസരവും കാണിക്കുന്ന വ്യത്യസ്തമായ വസ്തുക്കൾ ഇതിലുണ്ട്. ഭാവിതലമുറക്കായി ഒരു യുഗത്തിന്റെ ഓർമ അവ സജീവമാക്കി നിലനിർത്തുന്നു.
ഇറാഖ് അധിനിവേശ കാലത്തെ ആയുധങ്ങളും സൈനിക യൂനിഫോമുകളും മറ്റും ബൈത്ത് അൽ ഉസ്മാൻ മ്യൂസിയത്തിൽ കാണാം. ഇറാഖി അധിനിവേശം കുവൈത്തിൽ ഉണ്ടാക്കിയ കനത്ത നാശനഷ്ടങ്ങൾ സന്ദർശകരെ പരിചയപ്പെടുത്തുകയാണ് ഇതിലൂടെയെന്ന് അബ്ദുല്ല അബ്ദുല്ലത്തീഫ് അൽ ഉസ്മാൻ കൾച്ചറൽ സെന്റർ മേധാവി അൻവർ അൽ റഫായി പറഞ്ഞു. അധിനിവേശം എല്ലാ തരത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു. ജീവിതങ്ങളെ നശിപ്പിച്ചു.
ഏറെ പേർ തടവിലായി, നിരവധി പേർ രക്തസാക്ഷികളായി. ഇറാഖി അധിനിവേശത്തിൽനിന്നും കുവൈത്തിന്റെ വിമോചനത്തിൽനിന്നുമുള്ള പാഠങ്ങൾ കുവൈത്തുകാർ ഓർത്തിരിക്കേണ്ടത് പരമപ്രധാനമാണെന്നും ഭാവിയിലെ പരീക്ഷണങ്ങളും വെല്ലുവിളികളും നേരിടാൻ ഇത്തരം പാഠങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖി സൈനികർക്കെതിരെ വീരോചിതമായി പോരാടുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തവരുടെ ഓർമകൾ നിലകൊള്ളുന്ന അൽ ഖുറൈൻ മ്യൂസിയവും പ്രസിദ്ധമാണ്. ഇറാഖി സൈനികർക്കെതിരെ നിലകൊണ്ട അൽ മസില റെസിസ്റ്റൻസ് ഗ്രൂപ്പിന്റെ ആയുധങ്ങളും വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇറാഖി അധിനിവേശത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതാണ് കുവൈത്ത് ഹൗസ് ഫോർ നാഷനൽ വർക്ക്സ് മ്യൂസിയം. കുവൈത്തികളുടെ ചെറുത്തുനില്പിന്റെയും പ്രതിഷേധങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും അഗ്നിപരീക്ഷകളുടെയും കഥകൾ ഇവിടെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

