ഫലസ്തീന് പിന്തുണയുമായി കുവൈത്ത് എം.പിമാർ
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണങ്ങൾക്കും ലംഘനങ്ങൾക്കും എതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്ത് എം.പിമാർ. ദേശീയ അസംബ്ലിയിലെ 45 അംഗങ്ങൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഏതാനും ആഴ്ചകളായി ജറൂസലമിലെ ഇസ്ലാമിക സങ്കേതങ്ങൾ നശിപ്പിക്കുന്നതും അൽ അഖ്സ പള്ളിയിലേക്കുള്ള നുഴഞ്ഞുകയറ്റവും സയണിസ്റ്റ് സംഘടന വർധിപ്പിച്ചതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇസ്രായേൽ അധിനിവേശ സേന വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പുകളിലേക്കും നുഴഞ്ഞുകയറ്റം വർധിപ്പിച്ചു.
ഈ കുറ്റകൃത്യങ്ങൾക്കു നേരെ അന്താരാഷ്ട്ര സമൂഹം കണ്ണടച്ചു. പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. ഫലസ്തീൻ ജനതയിൽ രോഷം ആളിക്കത്തിക്കാൻ ഇത് ഇടയാക്കി. അന്താരാഷ്ട്ര നിയമങ്ങളിലും കൺവെൻഷനുകളിലും പ്രതിപാദിച്ചിരിക്കുന്ന സ്വയരക്ഷക്കുള്ള അവകാശം ഉപയോഗിച്ച് പ്രതിരോധിക്കുകയല്ലാതെ ഫലസ്തീനികൾക്ക് മറ്റു വഴികളില്ലെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.
കുവൈത്തിന്റെ ഔദ്യോഗിക നിലപാടിനെ അടിസ്ഥാനമാക്കി, ഇസ്രായേൽ ദുഷ് പ്രവണതകൾക്കെതിരെ പ്രതികരിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെ പിന്തുണക്കുന്നു. ഇപ്പോൾ നടക്കുന്നത് അധിനിവേശ കുറ്റകൃത്യങ്ങളോടുള്ള പ്രതികരണവും സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ നടപടിയാണെന്നും പ്രസ്താവന വ്യക്തമാക്കി.
ഫലസ്തീൻ ജനതയുടെ പോരാട്ടത്തെ പിന്തുണക്കുന്നതിന് അറബ്, മുസ്ലിം രാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് കുവൈത്ത് എം.പിമാർ അഭ്യർഥിച്ചു. ഇസ്രായേലിനെ ബഹിഷ്കരിക്കാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

