വിദേശികൾക്കെതിരെ കടുത്ത നിലപാടുകളുമായി സഫ അൽ ഹാഷിം എം.പി
text_fieldsകുവൈത്ത് സിറ്റി: വിദേശികൾക്കെതിരെ കടുത്ത നിലപാടുകളുമായി സഫ അൽ ഹാഷിം എം.പി വീണ്ടും. വിദേശികളുടെ എണ്ണം സ്വദേശികളുടെ മൂന്നിരട്ടിയായി വർധിച്ച സാഹചര്യത്തിൽ തൊഴിൽ വിപണി ക്രമീകരിക്കാൻ കുടിയേറ്റ നിയമത്തിൽ കാതലായ ഭേദഗതികൾ വരുത്താൻ സർക്കാർ തയാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ നടപ്പാക്കാവുന്ന ചില കരട് നിർദേശങ്ങളും എം.പി മുന്നോട്ടുവെച്ചു.
ഒരു വിദേശിക്ക് പരമാവധി കുവൈത്തിൽ താമസിക്കാവുന്ന കാലം 10 വർഷമായി പരിമിതപ്പെടുത്തുക, വിദേശികളുടെ റിക്രൂട്ടിങ് നടപടികൾക്കുവേണ്ടി സ്പോൺസർമാരിൽനിന്ന് ഈടാക്കുന്ന ഫീസ് 100 ശതമാനം വർധിപ്പിക്കുക, ഏതെങ്കിലും േപ്രാജക്ട് വിസകളിൽ കൊണ്ടുവന്ന വിദേശികളെ പദ്ധതികൾ തീരുന്നതോടെ നാട്ടിലേക്ക് കയറ്റിവിടുക, പദ്ധതി അവസാനിച്ചിട്ടും വിദേശികളെ നാട്ടിലയക്കാത്ത കരാറുകാർക്കെതിരെ നടപടി സ്വീകരിക്കുക, ആശ്രിത വിസയിൽ മാതാപിതാക്കളെ മാത്രം കൊണ്ടുവരാൻ വിദേശികൾക്ക് അനുമതി നൽകുക, കുടുംബ വിസയിൽ രക്ഷിതാക്കളെയല്ലാതെ കൊണ്ടുവരണമെങ്കിൽ അവരുടെ മെഡിക്കൽ സേവന മുൾപ്പെടെ മുഴുവൻ ബാധ്യതകളും സ്പോൺസറുടേയോ തൊഴിലാളിയുടേയോ മേൽ പരിമിതപ്പെടുത്തുക എന്നീ നിർദേശങ്ങളാണ് എം.പി. സർക്കാറിന് മുന്നിൽ സമർപ്പിച്ചത്.
റിക്രൂട്ടിങ് ഫീസ് വർധനയിൽനിന്ന് ഗാർഹിക തൊഴിലാളികളെ ഒഴിവാക്കണമെന്ന നിർദേശവും ഇതോടൊപ്പമുണ്ട്. വിദേശികളുടെ ആധിക്യം കാരണം സ്വദേശികൾക്ക് അവരാഗ്രഹിക്കുന്ന തൊഴിൽ മേഖലകളിൽ എത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. നിയമ പരിഷ്കരണത്തിലൂടെയും മതിയായ ആസൂത്രണത്തിലൂടെയും തൊഴിൽ വിപണിയിൽ സന്തുലനം വരുത്താൻ ഇനിയും വൈകരുതെന്ന് എം.പി കൂട്ടിച്ചേർത്തു. റോഡുകൾ ഉപയോഗിക്കുന്നതിന് വിദേശികളിൽനിന്ന് നികുതി വസൂലാക്കണമെന്നതുൾപ്പെടെ വിദേശികൾക്കെതിരായ ആവശ്യങ്ങൾ മുമ്പും എം.പിയിൽനിന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
