സാക്ഷരതയിൽ മുന്നേറി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പദ്ധതികൾ വിജയം കാണുന്നു. കുവൈത്തിലെ നിരക്ഷരത നിരക്ക് 2.22 ശതമാനമായി കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവിൽ കുവൈത്തിൽ ഒരു ലക്ഷത്തിലധികം നിരക്ഷരരുണ്ട്. ഇതിൽ കുവൈത്തികൾ 17,939 പേരും വിദേശികൾ 87,151 പേരുമാണ്.
കുവൈത്തികളിലെ നിരക്ഷരത നിരക്ക് 1.18 ശതമാനമായി കുറഞ്ഞു. സ്വദേശികളിൽ പുരുഷന്മാരുടെ സാക്ഷരത നിരക്ക് 99.83 ശതമാനമായി ഉയർന്നപ്പോൾ സ്ത്രീകളിൽ 97.84 ശതമാനമാണ്. നിരക്ഷരത കുവൈത്തികളേതിനേക്കാൾ രാജ്യനിവാസികളായ വിദേശികൾക്കാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിരക്ഷരത പൂർണമായി ഇല്ലാതാക്കാൻ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ നിരവധി സാക്ഷരത പരിപാടികൾ അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ജനസംഖ്യ 47 ലക്ഷത്തിലധികമാണ്. ഇതിൽ 32 ലക്ഷം പ്രവാസികളും 15 ലക്ഷം കുവൈത്തികളും ഉൾപ്പെടുന്നു. മുതിർന്നവർക്ക് അനുയോജ്യമായതും തൊഴിൽ വിപണിയിൽ ആവശ്യമായതുമായ ഗുണനിലവാരമുള്ള നിരവധി വിദ്യാഭ്യാസ-പരിശീലന പരിപാടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്.എന്നാല്‍ വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഡിജിറ്റൽ വിദ്യാഭ്യാസത്തിലും ആജീവനാന്ത പഠന പരിപാടികള്‍ക്കുമായി കൂടുതല്‍ പദ്ധതികള്‍ രൂപം നല്‍കുമെന്ന് അധികൃതർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

