കുവൈത്തിൽ കായിക പരിശീലനങ്ങൾ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച കായിക പരിപാടികൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി കായികതാരങ്ങൾ പരിശീലനം ആരംഭിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് പരിശീലനത്തിന് അനുമതി നൽകിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. കായിക പ്രവർത്തനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ഹെൽത്ത് പ്രോേട്ടാകോൾ നിശ്ചയിച്ചിട്ടുണ്ട്. സ്വഭാവം അനുസരിച്ച് ഒാരോ കളിക്കും പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് പരിശീലനത്തിന് അനുമതി.
പരിശീലന സെഷനുകളിൽ ഒാരോ കളിക്കാരനും മൂന്നു മീറ്റർ എങ്കിലും അകലം പാലിക്കണം, ൈകയുറയും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണം, കളിയുപകരണങ്ങൾ കൈമാറ്റം ചെയ്യരുത്, ഷേക് ഹാൻഡ് ചെയ്യരുത് തുടങ്ങിയ നിബന്ധനകൾ ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ കളിക്കാരും ഒരുമിച്ച് പരിശീലനം നടത്തുന്നില്ല. എട്ട് കളിക്കാരുമായി കഴിഞ്ഞ ദിവസം കുവൈത്ത് ബാസ്കറ്റ്ബാൾ ടീം പരിശീലനം ആരംഭിച്ചു. കായിക താരങ്ങൾക്ക് കഴിഞ്ഞയാഴ്ച കോവിഡ് പരിശോധന നടത്തിയിരുന്നു. കായിക മത്സരങ്ങൾ ആഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
