കുവൈത്തിൽ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് നിലയിൽ എത്തി. 14,778 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഉപഭോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ സീസണിൽ രേഖപ്പെടുത്തിയ 14,700 എന്ന നിലയാണ് മറികടന്നത്. ഉയർന്ന അന്തരീക്ഷ താപനിലയിൽ എ.സി കൂടുതലായി ഉപയോഗിക്കുന്നതും ജലോപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപഭോഗം കൂടിയതിന് കാരണമായി കരുതുന്നത്. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തി ലോക്ഡൗൺ കാരണം ആളുകൾ കൂടുതലായി വീട്ടിലുണ്ടാവുന്നതും വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. അതേസമയം, ഉയർന്ന വൈദ്യുതി ആവശ്യം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്നും ഇൗ വർഷം പ്രതിസന്ധിയുണ്ടാവില്ലെന്നും വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി.
ഇൗ വർഷം ഒരു ദിവസത്തെ ഉപഭോഗം 15,600 മെഗാ വാട്ടിന് അപ്പുറം പോവില്ലെന്നും അത്രയും വന്നാലും നേരിടാൻ മന്ത്രാലയം തയാറെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, മിതോപയോഗത്തിനുള്ള ബോധവത്കരണം ഫലം ചെയ്തുവെന്ന് സൂചിപ്പിക്കുന്ന നിലയിൽ ഇൗ വർഷം വൈദ്യുതി ഉപയോഗം പ്രതീക്ഷിച്ചപോലെ ഉയർന്നില്ല എന്നാണ് വിലയിരുത്തൽ. കോവിഡ് പ്രതിസന്ധിയിൽ ആളുകൾ വീട്ടിൽ തങ്ങുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം 15,000 മെഗാവാട്ട് കവിയും എന്നാണ് കരുതിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
