ഒരു കമ്പനിക്ക് 15 ഡെലിവറി ബൈക്കുകൾ മാത്രം; നിരവധി പേർക്ക് തൊഴിൽ നഷ്ടമാവും
text_fieldsകുവൈത്ത് സിറ്റി: ഭക്ഷ്യ വിതരണ ബൈക്കുകൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒരു കമ്പനിക്ക് പരമാവധി 15 ബൈക്കുകൾ മാത്രമേ പാടുള്ളൂവെന്ന ഉത്തരവ് നിരവധി കമ്പനികളെ പ്രതിസന്ധിയിലാക്കും. ആയിരത്തിലേറെ ബൈക്കുകളും ജീവനക്കാരുമുള്ള കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത്രയും പേർക്ക് കാർ ലഭ്യമാക്കുന്നത് കമ്പനികളെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ജീവനക്കാരിൽ ഭൂരിഭാഗത്തിനും കാർ ലൈസൻസും ഉണ്ടാവില്ല. വലിയ തുക നിക്ഷേപിച്ച് സ്വന്തമാക്കിയ ബൈക്കുകൾ ഉപേക്ഷിക്കേണ്ടിവരുന്നതും നഷ്ടമാണ്. പരിഷ്കരണം നടപ്പാക്കുന്നതിന് സാവകാശം വേണമെന്നാണ് കമ്പനികളുടെ ആവശ്യം. നിരത്തുകളിലെ ഇരുചക്ര വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ ഉത്തരവ് നിരവധി പേർക്ക് തൊഴിൽ നഷ്ടത്തിന് വഴിയൊരുക്കും.
നിരത്തിൽ ഡെലിവറി ബൈക്കുകൾക്കെതിരായ പരാതികൾ ഏറിയ പശ്ചാത്തലത്തിലാണ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയത്. ലൈസൻസ് ഇല്ലാതെയും സ്പോൺസർക്ക് കീഴിൽ അല്ലാതെയുമാണ് നിരവധി ഡെലിവറി ജീവനക്കാർ ജോലിയെടുക്കുന്നത്. ബൈക്കുകളുടെ ആധിക്യം റോഡുകളിൽ അപകട ഭീഷണി ഉയർത്തുന്നുവെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഗതാഗതക്കുരുക്ക് ഒഴിവാക്കി പെെട്ടന്ന് സാധനങ്ങൾ എത്തിക്കാമെന്നതും ചെലവ് കുറവാണെന്നതുമാണ് കമ്പനികളെ ബൈക്കിനെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, ബൈക്ക് ഒഴിവാക്കി കാറുകൾ ഡെലിവറിക്ക് ഉപയോഗിക്കുന്നത് റോഡുകളിൽ തിരക്ക് വർധിക്കുന്നതിന് കാരണമാവുമെന്ന് പരിഷ്കരണത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
