നാലുമാസത്തിനിടെ 1,75,000 വിദേശികൾ തിരിച്ചുപോയി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കഴിഞ്ഞ നാലുമാസത്തിനിടെ 1,75,000 വിദേശികൾ തിരിച്ചുപോയി. മാർച്ച് 16 മുതൽ ജൂലൈ 16 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ പേർ തിരിച്ചുപോയത് ഇന്ത്യയിലേക്കാണ്. 85,000ത്തോളം ഇന്ത്യക്കാരാണ് നാലുമാസത്തിനിടെ കുവൈത്തിൽനിന്ന് തിരിച്ചുപോയത്. 15 ശതമാനം ശേഷിയിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുന്നത്. കമേഴ്സ്യൽ വിമാന സർവിസുകൾ ആഗസ്റ്റിൽ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയവർക്കായുള്ള പ്രത്യേക വിമാനങ്ങളും കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോവാൻ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങളും സംഘടനകളും ട്രാവൽസുകളും ഏർപ്പെടുത്തിയ ചാർട്ടർ സർവിസുകളുമാണ് കഴിഞ്ഞമാസങ്ങളിൽ ഉണ്ടായിരുന്നത്.
കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായതാണ് കൂടുതൽ വിദേശികൾ കഷ്ടപ്പെട്ട് നാടണയാൻ കാരണം. കുവൈത്തിൽ വിദേശികളുടെ എണ്ണം കുറക്കണമെന്നാവശ്യപ്പെട്ട് സർക്കാറിനുമേൽ സമ്മർദം ഉയരുന്ന പശ്ചാത്തലമുണ്ട്. ഇതിന് അധികൃതർ പദ്ധതി തയാറാക്കിവരുകയാണ്. വരും മാസങ്ങളിലും പ്രവാസികളുടെ തിരിച്ചൊഴുക്ക് ശക്തമായിരിക്കും. ഇൗ വർഷം അവസാനംവരെഅഞ്ചുലക്ഷം വിദേശികൾ തിരിച്ചുപോവുമെന്നാണ് വിലയിരുത്തൽ. അതേസമയം, പുതിയ വിസയിൽ ആളുകൾ വരുന്നത് നിയന്ത്രിക്കുകയും ചെയ്യും. നിലവിൽ വിസയുള്ള, നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുത്തമാസം മുതൽ തിരിച്ചുവരാൻ കഴിഞ്ഞേക്കും. ശനിയാഴ്ച 15 വിമാനങ്ങളിൽ 3135 വിദേശികളാണ് തിരിച്ചുപോയത്. ഇന്ത്യ, യു.എ.ഇ, ഖത്തർ, ബംഗ്ലാദേശ്, ലബനാൻ, ഇൗജിപ്ത്, പാകിസ്താൻ എന്നിവിടങ്ങളിലേക്കായിരുന്നു സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
