പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിൽ 5799 പേർ നാട്ടിലേക്ക് മടങ്ങി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിൽ 5799 പേർ നാട്ടിലേക്ക് മടങ്ങി. 1204 പേർ മാത്രമാണ് ക്യാമ്പുകളിൽ ശേഷിക്കുന്നത്. 7,181 ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി മുന്നോട്ടുവന്നത്. ഒരു മാസക്കാലം നീണ്ടുനിന്ന പൊതുമാപ്പ് കാലയളവിൽ 26,472 വിദേശികളാണ് നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 80 ശതമാനം പേരും ഇതിനകം നാടണഞ്ഞതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിൽ പറയുന്നു.
ഏപ്രിൽ 16 മുതൽ 20 വരെയായിരുന്നു ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ. അന്നുമുതൽ ക്യാമ്പിൽ കഴിയുന്ന 1204ൽ പേരാണ് ഇനിയും മടങ്ങാനുള്ളത്. മടക്കയാത്ര വൈകുന്നതിൽ ഇവർ നിരാശരാണ്. രജിസ്ട്രേഷൻ പൂർത്തിയായത് മുതൽ യാത്രാദിവസം വരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇവർക്ക് താമസ സൗകര്യമൊരുക്കുന്നത്. രജിസ്റ്റർ ചെയ്തവരെ സ്വന്തം താമസസ്ഥലത്തേക്ക് തിരിച്ചയച്ചിട്ടില്ല. ഇവരിൽ രോഗബാധിതരുമുണ്ട്. കോവിഡ് ബാധിക്കുമോ എന്ന ഭീതിയിലുമാണിവർ. വൈകാതെ തിരിച്ചുപോക്ക് സാധ്യമാവുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.
അതേസമയം, പാസ്പോർട്ട് കൈവശമില്ലാതെ ഇന്ത്യൻ എംബസി ഒൗട്ട്പാസ് നൽകിയവർ ക്യാമ്പിന് പുറത്താണ്. ഇവരുടെ തിരിച്ചുപോക്ക് സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്. ഇന്ത്യൻ എംബസി ഉറപ്പുനൽകിയതനുസരിച്ചാണ് ഇവർ ക്യാമ്പിലേക്ക് പോവാതെ പുറത്തു കഴിയുന്നത്. തൽക്കാലം പുറത്തു കഴിയാൻ നിർദേശിച്ച ഇവരോട് ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
