കോവിഡ്കാലത്ത് മാനസിക സമ്മർദം താങ്ങാനാവാതെ മലയാളികൾ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ മാനസിക സമ്മർദം താങ്ങാനാവാതെ പ്രയാസപ്പെടുന്നതായി വിലയിരുത്തൽ. മൊത്തത്തിൽ എല്ലാവർക്കും പ്രതിസന്ധിയുണ്ടെങ്കിലും മാനസിക സമ്മർദം മലയാളികളിൽ കൂടുതലായാണ് കാണുന്നതെന്ന് ഇൗ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. നാടും കുടുംബവുമായുള്ള ആത്മബന്ധം കൂടുതൽ ആയതും മലയാളികളുടെ പൊതുവായ മാനസികാവസ്ഥയും ഇതിന് കാരണമാവുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. രോഗഭീതിയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ആളുകളെ അലട്ടുന്നുണ്ട്. ജോലിയും വരുമാനവും ഇല്ലാതായവർക്കു മുന്നിൽ ഭാവി ചോദ്യമായി നിൽക്കുന്നു.
വൈറസ് ബാധിതരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നതും ആധിയേറ്റുന്നു. ജോലിനഷ്ടം, ഒറ്റക്ക് വീട്ടിലിരിക്കുന്നത്, കൊറോണഭീതി, നാട്ടിലെ അവസ്ഥയെ ചൊല്ലിയും നാട്ടിൽ പോകാൻ കഴിയാത്തതിനാലുമുള്ള ആധി, ജീവിതം വഴിമുട്ടുമോ എന്ന ഉത്കണ്ഠ, കുടുംബത്തെ ഒാർത്തുള്ള വിഷമം തുടങ്ങിയ കാരണങ്ങളാൽ നിരവധി പേരാണ് വിഷാദാവസ്ഥയിലും മാനസിക പ്രയാസത്തിലുമുള്ളത്. പൊതുമാപ്പ് കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് വിമാനം വൈകുന്നത് മനസ്സ് തളർത്തുന്നു. എന്ന് തിരിച്ചുപോകാൻ കഴിയുമെന്ന് ഒരു രൂപവുമില്ലാതെയാണ് ക്യാമ്പുകളിൽ ആളുകൾ കഴിയുന്നത്. മാനസികവിഷമം വലിയ സാമൂഹിക വിഷയമായി മാറുകയാണ്.
പേടിച്ചിട്ട് കാര്യമില്ലെന്നും നിലവിലെ സാഹചര്യം ഒരു യാഥാർഥ്യമായിക്കണ്ട് ഇൗ സമയവും കടന്നുപോകുമെന്ന ഉറച്ചബോധ്യത്തിൽ നിലകൊള്ളണമെന്നുമാണ് കൗൺസലർമാർ പറയുന്നത്. ആരോഗ്യവാനായ ഒരാളെ സംബന്ധിച്ചിടത്തോളം കോവിഡ് വന്നാലും മരണസാധ്യത വളരെ കുറവാണ്. മറ്റു പല അസുഖങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചുമാത്രമാണ് കോവിഡ് ബാധിച്ചുള്ള മരണനിരക്ക്. മാനസിക സമ്മർദം ഉയരുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് മരണത്തെക്കാൾ കൂടുതൽ ഹൃദയാഘാതം മൂലം ഉണ്ടായിട്ടുണ്ട്.
അതുകൊണ്ടുതന്നെ ധൈര്യത്തോടെ നിലകൊള്ളേണ്ടത് അത്യാവശ്യമാണ്.
മാനസിക സമ്മർദം അനുഭവിക്കുന്നവർക്കായി വിവിധ സന്നദ്ധ സംഘടനകൾ സൗജന്യ കൗൺസലിങ് ഒരുക്കിയിട്ടുണ്ട്. കൗൺസലർമാർക്ക് പ്രത്യേക പരിശീലനം നൽകി ചിട്ടയായി നടത്തുന്ന സേവനം ഏറെ ഉപകാരപ്രദമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. കൗൺസലർമാരുമായി അൽപനേരത്തെ സംസാരംകൊണ്ട് എല്ലാ പേടിയും മാറി ധൈര്യം വീണ്ടെടുക്കാൻ കഴിഞ്ഞതായി സേവനം ഉപയോഗപ്പെടുത്തിയ ചിലർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
