പൊതുമാപ്പ് രജിസ്ട്രേഷൻ കഴിഞ്ഞു; ഇനിയും ഏറെ പേർ ബാക്കി
text_fieldsഭൂരിഭാഗവും മുന്നോട്ടുവന്നില്ല; തിരക്കുകാരണം രജിസ്ട്രേഷന് കഴിയാതെയും നിരവധിപേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് രജിസ്ട്രേഷന് നിശ്ചയിച്ച കാലപരിധി അവസാനിച്ചു. അവസാന ദിവസവും ഏറെ തിരക്ക് അനുഭവപ്പെടുകയും നിരവധി പേർ രജിസ്റ്റർ ചെയ്യാൻ കഴിയാതെ മടങ്ങുകയും ചെയ്തു. 25,000ത്തോളം പേർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. തീയതി നീട്ടണമെന്ന് വിവിധ രാജ്യങ്ങളുടെ എംബസികൾ കുവൈത്ത് അധികൃതരോട് അഭ്യർഥിച്ചിരുന്നെങ്കിലും അത്തരത്തിൽ പ്രഖ്യാപനമൊന്നുമുണ്ടായില്ല.
അതേസമയം, ഞായറാഴ്ച മുതൽ വീണ്ടും രജിസ്ട്രേഷന് അവസരം നൽകുമെന്ന് ചില ഉന്നത കേന്ദ്രങ്ങൾ സൂചന നൽകിയെങ്കിലും ഇക്കാര്യത്തിൽ ഒൗദ്യേഗിക സ്ഥിരീകരണമൊന്നുമില്ല. തിരക്ക് കാരണം രജിസ്ട്രേഷൻ നടത്താൻ കഴിയാതിരുന്നത് ഏതാനും ആയിരങ്ങൾക്ക് മാത്രമാണ്. എന്നാൽ, ഭൂരിഭാഗം ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നിട്ടില്ല. അർഹരായവരുടെ നാലിലൊന്ന് മാത്രമേ മുന്നോട്ടുവന്നിട്ടുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുവൈത്ത് സർക്കാർ സൗജന്യ വിമാന ടിക്കറ്റ് നൽകുകയും പിഴ ഒഴിവാക്കി നൽകുകയും പുതിയ വിസയിൽ നിയമാനുസൃതം കുവൈത്തിലേക്ക് വരാൻ അനുവാദം നൽകുകയും ചെയ്തിട്ടും വലിയൊരു വിഭാഗം തിരിച്ചുപോവാൻ തയാറാവാത്തത് സ്വദേശികൾക്കിടയിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. ഭൂരിഭാഗം അനധികൃത താമസക്കാർ പൊതുമാപ്പിൽ തിരിച്ചുപോവാതെ ഒളിച്ചിരിക്കുകയാണെന്നാണ് കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം പ്രതികരിച്ചത്. 2018 ജനുവരിയിലാണ് കുവൈത്ത് അവസാനമായി പൊതുമാപ്പ് അനുവദിച്ചത്.
മൂന്നുമാസത്തോളം സമയം അനുവദിച്ചിട്ടും 57,000 ആളുകൾ മാത്രമാണ് അന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി കാരണം ജോലിയും വരുമാനവുമില്ലാതെ നിരവധി പേർ ബുദ്ധിമുട്ടുന്നതിനാൽ ഇത്തവണ കൂടുതൽ പേർ മുന്നോട്ടുവരുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
