വരുമാനമില്ല; പൊതുമാപ്പിൽ ആകൃഷ്ടരായി നിരവധി പേർ
text_fieldsകുവൈത്ത് സിറ്റി: കോവിഡിെൻറ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളും മറ്റും കാരണം വരുമാനം നഷ്ടമായ നിരവധി പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി തിരിച്ചുപോവുന്നത് ആലോചിക്കുന്നു. നേരത്തേ പൊതുമാപ്പ് നൽകിയപ്പോൾ മൂന്നിൽ രണ്ടുപേരും ഉപയോഗപ്പെടുത്തിയില്ല. എന്നാൽ, ഇത്തവണ അതല്ല സ്ഥിതി. കുറഞ്ഞവരുമാനക്കാരായ നിരവധി പേർ ജോലിയും കച്ചവടവും ഇല്ലാതായി എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്ന മാനസികാവസ്ഥയിലാണ്. കോവിഡ് പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എത്രകാലമെന്ന് ഒരുപിടിയുമില്ല.
ജനം വീട്ടിൽ അടങ്ങിയൊതുങ്ങിയിരുന്നാൽ രണ്ടുമാസംകൊണ്ട് ശരിയാവുമെന്നാണ് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് കഴിഞ്ഞദിവസം പറഞ്ഞത്. അല്ലെങ്കിൽ ആറുമാസം വരെ എടുക്കുമെന്നും അദ്ദേഹം ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു. അത്രസമയം പിടിച്ചുനിൽക്കുക താഴെത്തട്ടിലുള്ളവർക്ക് എളുപ്പമാവില്ല. അതുകൊണ്ടാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന ചിന്തക്ക് മുൻതൂക്കം ലഭിച്ചത്. യാത്രച്ചെലവ് കുവൈത്ത് സർക്കാർ വഹിക്കുന്നതും നിയമാനുസൃതം വീണ്ടും കുവൈത്തിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലെന്നതും ആകർഷണമാണ്.