മുത്​ല മണ്ണിടിച്ചിൽ:  മരണം ആറായി; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

  • കരാറുകാരനും സുരക്ഷ ഒാഫിസറും കസ്​റ്റഡിയിൽ

09:07 AM
14/02/2020
മുത്​ലയിൽ മണ്ണിടിച്ചലുണ്ടായ സ്ഥലത്ത്​ അധികൃതർ രക്ഷാപ്രവർത്തനം നടത്തുന്നു

കുവൈത്ത്​ സിറ്റി: മുത്​ല ഭവന പദ്ധതിയിലെ മണ്ണിടിച്ചിലിൽ മരണം ആറായി. ആറ്​ നേപ്പാൾ പൗരന്മാരാണ് ബുധനാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ മരിച്ചത്. രണ്ടു ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നു തൊഴിലാളികൾക്ക്​ അപകടത്തിൽ പരിക്കേറ്റിരുന്നു. ഇനിയാരും കുടുങ്ങിക്കിടക്കുന്നുണ്ടാവില്ലെന്ന നിഗമനത്തിൽ അധികൃതർ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. മുത്​ല ഭവനപദ്ധതി സ്ഥലത്ത്​ മാൻഹോൾ സ്ഥാപിക്കാനായി എടുത്ത കുഴിയിലേക്ക് മണ്ണും പാറക്കൂട്ടങ്ങളും പതിച്ചാണ് അപകടമുണ്ടായത്. ചൈനീസ്  കമ്പനിക്കു കീഴിലെ ഒമ്പത് നിർമാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഇതിൽ മൂന്നുപേരെ മാത്രമാണ് ജീവനോടെ പുറത്തെത്തിക്കാൻ സാധിച്ചത്. നാലുതൊഴിലാളികൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേരുടെ മൃതദേഹം വ്യാഴാഴ്ച പുലർച്ചയോടെയാണ് കണ്ടെടുത്തത്. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി ഫയർ സർവിസ് ഡയറക്ടറേറ്റ് അറിയിച്ചു.

രക്ഷപ്പെട്ട തൊഴിലാളികൾ പരിക്കുകളോടെ ജഹ്റ ആശുപത്രിയിൽ ചികിത്സയിലാണ്. പാർപ്പിടകാര്യ മന്ത്രി ഡോ. റന അൽ ഫാരിസ് ആശുപത്രിയിലെത്തി  തൊഴിലാളികളുമായി സംസാരിച്ചു. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിച്ച്​ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. അഗ്​നിശമന വിഭാഗവും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയുടെ പ്രോജക്റ്റ് കോൺട്രാക്ടറെയും സൈറ്റ് സേഫ്റ്റി ഓഫിസറെയും പൊലീസ് കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. അതിനിടെ ആറു തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്​മദ് അസ്സബാഹ് ദുഃഖം രേഖപ്പെടുത്തി. നേപ്പാൾ ഭരണകൂടത്തിനും മരിച്ചവരുടെ ബന്ധുക്കൾക്കും അദ്ദേഹം അനുശോചന സന്ദേശം അയച്ചു. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്​മദ് അസ്സ്വബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ്‌ അൽ ഖാലിദ്‌ അസ്സബാഹ്‌, പാർലമ​െൻറ്​ സ്പീക്കർ മർസൂഖ് അൽഗാനിം എന്നിവരും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. 

Loading...
COMMENTS