സ്വദേശി നഴ്സുമാർക്ക് 500 ദീനാർ അധികം ശമ്പളം നൽകും
text_fieldsകുവൈത്ത് സിറ്റി: നഴ്സിങ് മേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിെൻറ ഭാഗമായി പുതുതായി ജോലിയിൽ പ്രവേശിക്കുന്ന സ്വദേശി നഴ്സുമാർക്ക് 500 ദീനാർ അധികം ശമ്പളം നൽകാൻ തീരുമാനം. ജുമൈറ ഹോട്ടലിൽ നടന്ന ‘ഇൻറർനാഷനൽ നഴ്സിങ് കോൺഫറൻസിൽ’ ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. ഫവാസ് അൽ രിഫാഇയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമന്ത്രി നേരിട്ട് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇതിന് അനുമതി വാങ്ങിയിട്ടുണ്ട്. സിവിൽ സർവിസ് കമീഷെൻറ അനുമതി വൈകാതെ ലഭ്യമാകും എന്നുകരുതുന്നു. 1000 സ്വദേശി നഴ്സുമാരെ ഉടൻ നിയമിക്കാൻ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. പ്രത്യേക പരിശീലന പദ്ധതികൾ ആവിഷ്കരിച്ച് അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള നിലവാരം ഇവർക്ക് ഉണ്ടാക്കിയെടുക്കും.
അതേസമയം, നഴ്സിങ് തസ്തികയിലേക്ക് നിലവിൽ സ്വദേശികൾ അപേക്ഷ നൽകി കാത്തിരിക്കുന്നില്ല. പ്രോത്സാഹനവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും നൽകി സ്വദേശികളെ നഴ്സിങ് മേഖലയിലേക്ക് ആകർഷിക്കാനാണ് ശ്രമം. രാജ്യത്ത് അഞ്ചുവർഷംകൊണ്ട് സ്വദേശി നഴ്സുമാരെ വളർത്തിയെടുത്ത് വിദേശികളെ ആശ്രയിക്കുന്നത് കുറക്കാനാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയത്തിലെ നഴ്സിങ് സർവിസ് മാനേജർ സനാ തഖദ്ദും പറഞ്ഞു. നഴ്സിങ് മേഖലയിൽ മെച്ചപ്പെട്ട പരിശീലനം നൽകി സാങ്കേതികത്തികവുള്ള തലമുറയെ വാർത്തെടുക്കുന്നതിന് അപ്ലൈഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഹോസ്പിറ്റൽ പ്രോേട്ടാകോൾ പാലിക്കേണ്ടതിനാലും മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടതിനാലും ആരോഗ്യവുമായി ബന്ധപ്പെട്ട നിർണായക ജോലി ആയതിനാലും സ്വദേശി എന്ന പരിഗണന മാത്രംവെച്ച് നിയമനം നൽകില്ല. എന്നാൽ, ഇൗ നിലവാരത്തിലേക്ക് കുവൈത്തികളെ വളർത്തിക്കൊണ്ടുവരാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
