പൊലീസ് ചമഞ്ഞ് വിദേശികളെ കവർച്ചക്കിരയാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ക വർച്ച നടത്തുന്നത് പതിവാകുന്നു. അറബികളുടെ പൈതൃക വേഷമണിഞ്ഞാണ് കൂടുതലും തട്ടിപ്പ് നടത്തുന്നത്. ചിലർ പൊലീസ് യൂനിഫോംതന്നെ ഉപയോഗിക്കുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിനിടെ നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതിന് ശേഷവും കവർച്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ പൗരനും ബംഗ്ലാദേശിയുമാണ് സുലൈബികാത്തിൽ തട്ടിപ്പിന് ഇരയായത്. പൊലീസ്, അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനാണെന്ന് ബോധിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാര്‍ഡ് ഉപയോഗിക്കുന്നു.
മാൻപവർ അതോറിറ്റി, വിവിധ മന്ത്രാലയങ്ങൾ, മുനിസിപ്പാലിറ്റി എന്നിവയുടെയും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുന്നു. ആദ്യം സിവില്‍ ഐഡി ചോദിക്കുകയും പിന്നീട് പഴ്സ് തട്ടിപ്പറിച്ച് വാഹനത്തില്‍ കടന്നുകളയുകയും ചെയ്യുന്ന രീതിയാണ് കൂടുതല്‍ പേരും പ്രയോഗിക്കുന്നത്. വിലയേറിയ ആഡംബര കാറുകളിലെത്തി വാഹനത്തിൽ കയറ്റിയ ശേഷം മർദിക്കുകയും വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയും പയറ്റുന്നുണ്ട്. ഏതെങ്കിലും ഭാഗങ്ങൾ കേന്ദ്രീകരിച്ചല്ല തട്ടിപ്പ്. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, മഹബൂല, ഫിൻതാസ്, ജഹ്റ, അബൂഹലീഫ തുടങ്ങി വിവിധ ഭാഗങ്ങളിൽ പൊലീസ് ചമഞ്ഞുള്ള തട്ടിപ്പ് ഉണ്ടാവുന്നു. നേരേത്ത ഒറ്റപ്പെട്ട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ആവർത്തിച്ച് വരുന്നു. ഇതിന് പിന്നിൽ സംഘടിത വിഭാഗങ്ങൾ ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. പിടിയിലായവരിലൂടെ പൊലീസ് ഇൗ ദിശയിലേക്കും അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
