സ്നേഹ സന്ദേശവുമായി ക്രിസ്മസ് ആഘോഷം
text_fieldsകുവൈത്ത് സിറ്റി: സ്നേഹ സന്ദേശമുയർത്തി കുവൈത്തിലെങ്ങും ക്രൈസ്തവ വിശ്വാസികൾ ക്രിസ ്മസ് ആഘോഷിച്ചു. പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടത്തിയും തിരുപ്പിറവിയുടെ സന്തോഷം പങ്കിട്ട് പരസ്പരം ആശംസ നേർന്നും മധുരം നൽകിയും വിശ്വാസികൾ നിർവൃതി കൊണ്ടു. മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിെൻറ ക്രിസ്മസ് പെരുന്നാൾ ശുശ്രൂഷയും പാതിരാ കുർബാനയും ചൊവാഴ്ച പുലർച്ച മൂന്നിന് കുവൈത്ത് സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദൈവാലയത്തിൽ നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ക്രിസ്മസ് ശുശ്രൂഷ ക്രമീകരണങ്ങൾക്ക് കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് നേതൃത്വം നൽകി. സാൽമിയ സെൻറ് തെരേസാസ് കത്തോലിക്കാ പള്ളിയിൽ ക്രിസ്തുമസ് ആഘോഷിച്ചു. കുട്ടികൾ നയിച്ച കരോൾ ഗാനാലാപത്തോടെ ശുശ്രൂഷകൾ ആരംഭിച്ചു. മറ്റു ദേവാലയങ്ങളിലും ദിവ്യബലിയും പ്രത്യേക പ്രാർഥനകളും നടന്നു. രാത്രി മൂന്നിന് പാതിരാ കുർബാനയുണ്ടായി.
സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ജനനപ്പെരുന്നാൾ കൊണ്ടാടി. ജലീബ് ഇന്ത്യൻ സെൻട്രൽ സ്കൂൾ, സാൽമിയ സെൻറ് മേരീസ് ചാപ്പൽ, സിറ്റി നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് എന്നിവടങ്ങളിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. ജിജു ജോർജ്, ഫാ. ജേക്കബ് തോമസ്, ഫാ. ലിജു പൊന്നച്ചൻ എന്നിവർ നേതൃത്വം നൽകി. പ്രവൃത്തി ദിവസമായിരുന്നതിനാൽ ബുധനാഴ്ച രാവിലെ ആറരക്ക് നിർത്തിവെച്ച കുർബാന വൈകീട്ട് അഞ്ചിന് പുനരാരംഭിച്ചു. ക്രിസ്തുവിെൻറ സമാധാന സന്ദേശം ലോകത്തിന് അവകാശപ്പെട്ടതാണെന്നും സമാധാനത്തിെൻറ ദൂതരായി എല്ലാ ക്രിസ്തുമത വിശ്വാസികളും മാറണമെന്നും പിതാക്കന്മാർ ഉണർത്തി. തെരുവുകളും താമസയിടങ്ങളും പ്രകാശഭരിതമാക്കി താരകങ്ങൾ തിളങ്ങിനിന്നു. സൗഹാർദത്തിെൻറയും തെളിമയാർന്ന മാതൃകയായി മറ്റു സമുദായാംഗങ്ങളും സന്തോഷത്തിൽ പങ്കുകൊണ്ടു.
പ്രവൃത്തി ദിവസമായതിനാൽ പലർക്കും ജോലിക്കു പോകേണ്ടി വന്നെങ്കിലും വൈകീട്ടോടെ ആഘോഷം സജീവമായി. പള്ളികളിൽ പതിവിലേറെ തിരക്ക് അനുഭവപ്പെട്ടു. കനത്തസുരക്ഷയാണ് കുവൈത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയത്. ചർച്ചുകൾക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. പള്ളി പരിസരങ്ങളിൽ പൊലീസ് റോന്തുചുറ്റി. വിവിധ ഇന്ത്യൻ സ്കൂളുകളിലും മലയാളി മാനേജ്മെൻറിന് കീഴിലുള്ള കമ്പനികളും ആഘോഷ പരിപാടികൾ നടന്നു. ഇതര മത വിശ്വാസികളും ആഘോഷ പരിപാടികളിൽ പങ്കുകൊണ്ടു. നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ ക്രൈസ്തവരായ 290 സ്വദേശികള്‍ ക്രിസ്മസ് ആഘോഷത്തിന് എത്തിച്ചേര്‍ന്നതായി എൻ.ഇ.സി.കെ ചെയർമാൻ ഇമ്മാനുവല്‍ ഗരീബ് വ്യക്തമാക്കി. മനുഷ്യത്വത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും രാജ്യമായ കുവൈത്തില്‍ തങ്ങളുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ പൂർണ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ് പരിപാടിയില്‍ അമീറിെൻറ പ്രതിനിധി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അസ്വബാഹ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
